
അഭിമന്യു വധം: പ്രധാന പ്രതിയായ ആര് എസ് എസ് പ്രവര്ത്തകന് പൊലീസിനുമുന്നില്‍ കീഴടങ്ങി
April 16, 2021 11:11 am
0
ആലപ്പുഴ: വള്ളികുന്നം പടയണിവട്ടം ദേവീക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘട്ടനത്തില്‍ 15 വയസുകാരന് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനപ്രതിയെന്നു കരുതുന്ന ആര് എസ് എസ് പ്രവര്ത്തകന് പൊലീസിന് മുന്നില്‍ കീഴടങ്ങി. വള്ളിക്കുന്നം സ്വദേശി സജയ് ദത്ത് എന്ന ഇരുപത്തൊന്നുകാരനാണ് ഇന്നുരാവിലെ പാലാരിവട്ടം സ്റ്റേഷനില്‍ കീടങ്ങിയത്. ഇന്നലെ ഇയാളുടെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വള്ളിക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് പൊലീസ് നല്കുന്ന സൂചന.
14ന് രാത്രി 9.30ന് ക്ഷേത്രത്തിനു മുന്നിലെ സ്കൂളിനു സമീപമായിരുന്നു അക്രമസംഭവം. സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇരട്ടപ്പേരു വിളിച്ചതിനെ ചൊല്ലി അഭിമന്യുവിന്റെ സഹോദരനും അക്രമിസംഘവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു. പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 15ല്‍പ്പരംവരുന്ന സംഘം ഇരുവിഭാഗമായി തമ്മിലടിച്ചത്. അഭിമന്യുവിന്റെ പിന്‍ഭാഗത്ത് ആഴത്തിലേറ്റ കുത്താണ് മരണകാരണം. വള്ളികുന്നം സി.ഐ മിഥുന്റെ നേതൃത്വത്തിലുള്ള പാെലീസ് അഭിമന്യുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുത്തേറ്റ വള്ളികുന്നം മങ്ങാട്ട് വീട്ടില്‍ കാശിനാഥിനെ (19) കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും വള്ളികുന്നം നഗരൂര്‍ കുറ്റിയില്‍ ആദര്‍ശിനെ (19) ആലപ്പുഴ മെഡി. കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.വള്ളികുന്നം അമൃത എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്ബിളി ഭവനില്‍ അമ്ബിളി കുമാറിന്റെ മകനുമാണ് അഭിമന്യു.പരേതയായ ബീനയാണ് അമ്മ. സഹോദരന്: അനന്തു.
സംഭവ ദിവസത്തിന് മുമ്ബ് ആയുധങ്ങളുമായെത്തിയ സംഘങ്ങള്‍ തമ്മില്‍ പലതവണ പുത്തന്ചന്തയടക്കമുള്ള സ്ഥലങ്ങളില്‍ ഏറ്റുമുട്ടിയിരുന്നു.കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഉത്സവാഘോഷം നടത്തരുതെന്ന് രണ്ടുതവണ ക്ഷേത്രം ഭാരവാഹികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഉത്സവം നടത്തിയതിന് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസെടുത്തതായി സി.ഐ പറഞ്ഞു.
ആലപ്പുഴ മെഡി. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് രണ്ടിന് സംസ്കരിക്കും.