Thursday, 1st May 2025
May 1, 2025

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; മാളുകളില്‍ പ്രവേശനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

  • April 15, 2021 1:53 pm

  • 0

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൊതുപരിപാടികളില്‍ അമ്ബത് മുതല്‍ നൂറു പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുളളൂ. മാളുകളില്‍ പ്രവേശനത്തിന് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കും മാളുകളില്‍ പ്രവേശിക്കാം.

രണ്ടരലക്ഷം പേര്‍ക്ക് നാളെയും മറ്റന്നാളുമായി കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തുക, ഏറ്റവും കൂടുതല്‍ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലകളിലൊന്നായ എറണാകുളത്താണ്. 30,900 പേരെ രണ്ട് ദിവസം കൊണ്ട് പരിശോധിക്കാനാണ് തീരുമാനം. മാസ് പരിശോധനയില്‍ ആദ്യം പരിഗണന നല്‍കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണവുമായും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കാകും.

സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ എത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനമായി. വാക്‌സിന്‍ കിട്ടുന്ന മുറയ്ക്ക് മെഗാ വാക്സിനേഷന്‍ ക്യാമ്ബുകള്‍ വിപുലീകരിക്കും. ഒരു ദിവസം രണ്ടര ലക്ഷം വരെ പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാനും ധാരണയായി. പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുളള അനുമതി ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്‌ടറല്‍ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച്‌ പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന.

ഈ മാസം 19 മുതല്‍ കൂടുതല്‍ മാസ് വാക്‌സിന്‍ വിതരണകേന്ദ്രങ്ങള്‍ സജ്ജമാക്കും. വാക്‌സിന്‍ വിതരണം ത്വരിതഗതിയിലാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാകും ഇത് നടപ്പാക്കുക. വാക്‌സിനേഷന്‍ വഴി പ്രതിരോധശേഷി പരമാവധി പേരില്‍ ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.