Friday, 2nd May 2025
May 2, 2025

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിക്കെതിരേ കേസ് എടുക്കണം; വി.മുരളീധരന്‍

  • April 15, 2021 11:27 am

  • 0

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയതെന്നും രോഗം ബാധിച്ച്‌ ആറാം ദിവസം അദ്ദേഹം ആശുപത്രി വിട്ടെന്നും മുരളീധരന്‍ വിശദീകരിച്ചു.

ആറാം തിയതി കൊവിഡ് ബാധിച്ച മകള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ എത്തിയത്. മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത് ആംബുലന്‍സിലല്ലെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് കൊവിഡ് ബാധിച്ചത് ഏത് ദിവസമെന്ന് വ്യക്തമാക്കണം. നാലാം തിയതിയാണ് കൊവിഡ് ബാധിച്ചതെങ്കില്‍ അന്ന് നടത്തിയ റാലിയും പ്രോട്ടോക്കോള്‍ ലംഘനമാണ്.

പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ള ആള്‍ പെരുമാറേണ്ട രീതിയിലല്ല മുഖ്യമന്ത്രി പെരുമാറിയത്.ജനങ്ങള്‍ക്ക് ക്ലാസെടുത്ത മുഖ്യമന്ത്രി എന്താണ് ഇപ്പോള്‍ ചെയ്യുന്നതെന്നും കാരണവര്‍ക്ക് എന്തുമാകാം എന്നാണോയെന്നും മുരളീധരന്‍ ചോദിച്ചു. പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്‌ടിക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌ത ശേഷം മുഖ്യമന്ത്രി വീട്ടില്‍ ക്വാറന്റീനില്‍ തുടരുകയാണ്. അല്ലാതെ പൊതു പരിപാടികളിലൊന്നും പങ്കെടുക്കാനല്ല മുഖ്യമന്ത്രി പോയതെന്നും ശൈലജ പറഞ്ഞു.

എന്തുണ്ടായാലും വിവാദമുണ്ടാക്കാന്‍ ആളുകള്‍ ശ്രമിക്കുകയാണ്. കൊവിഡ് പോസിറ്റീവായതോടെ വീട്ടില്‍ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാല്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന്

ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു.