Thursday, 1st May 2025
May 1, 2025

വള്ളിക്കുന്നത്ത് കുറ്റേത്തുമരിച്ച 15കാരന്‍ രാഷ്ട്രീയക്കാരനല്ലെന്ന് അച്ഛന്‍, സജീവ എസ് എഫ് ഐ കാരനെന്ന് സി പി എം, മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു

  • April 15, 2021 10:53 am

  • 0

ആലപ്പുഴ: വള്ളിക്കുന്നത്ത് കഴിഞ്ഞദിവസം അക്രമികളുടെ കുത്തേറ്റ് മരിച്ച പത്താംക്ളാസ് വിദ്യാര്‍ത്ഥി അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് അച്ഛന്‍ അമ്ബിളികുമാര്‍ വ്യക്തമാക്കി. മകന്‍ ഒരുപ്രശ്നത്തിനും പോകുന്നവനല്ലെന്നും സഹോദരന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അഭിമന്യുവിന്റേത് കമ്യൂണിസ്റ്റ് കുടുംബമാണെന്നും അഭിമന്യു എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകനാണെന്നുമാണ് സി പി എം പറയുന്നത്. കൊലയ്ക്കുകാരണം ആര്‍ എസ് എസ് മയക്കുമരുന്ന് മാഫിയയെ ചോദ്യംചെയ്തതാണെന്നും ചാരുംമൂട് ഏരിയാ സെക്രട്ടറി പി ബിനു പറഞ്ഞു.

ഇന്നലെ രാത്രി പത്തരയോടെയാണ് ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസുകാരനായ പടയണിവെട്ടം സ്വദേശി അഭിമന്യുവിനെ ഒരു സംഘം കുത്തിക്കൊന്നത്സംഭവത്തിന് പിന്നില്‍ ആ‌ര്‍എസ്‌എസ് എന്നാണ് ആരോപണം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വള്ളിക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നും ഇയാളാണ് മുഖ്യ പ്രതിയെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.

അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് അഭിമന്യുവും അക്രമം നടത്തിയ സംഘവും തമ്മില്‍ ക്ഷേത്രോത്സവത്തിനിടെ തര്‍ക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നു. രാത്രി പത്തരയോടെ, അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനെ തെരഞ്ഞ് വന്ന സംഘം അഭിമന്യുവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തിനിടെ അക്രമികള്‍ അഭിമന്യുവിനെ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് അനന്തു. അനന്തുവും ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സജയ് ദത്തും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നത്. സ്ഥലത്ത് ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍പൊലീസ് സംഘത്തെ നിയാേഗിച്ചിട്ടുണ്ട്.