നായകനായി സഞ്ജു ഇന്ന് അരങ്ങേറും; ജയിച്ച് തുടങ്ങാന്‍ രാജസ്ഥാനും പഞ്ചാബും
April 12, 2021 4:40 pm
0
മുംബൈ: വമ്ബനടിക്കാരുടെ മറ്റൊരു ഏറ്റുമുട്ടലിന് കൂടി ഐപിഎല്‍ ഇന്ന് വേദിയാകും. കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ മത്സരത്തിന്. അപൂര്‍വ നേട്ടത്തിന് തുടക്കം കുറിക്കുന്നത് ചരിത്രം പേറുന്ന വാംഖഡെ സ്റ്റേഡിയത്തിലും. പക്ഷെ അത്ര നിസാരമാകില്ല സഞ്ജുവിനൊന്നും.
പോയ സീസണുകളിലെല്ലാം ആക്രമണ ശൈലി സ്വീകരിച്ച താരത്തിന് നായകനെന്ന ഭാരം ഇത്തവണ അത് അനുവദിക്കുമോ എന്നറിയില്ല. ടീമിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം 26കാരനുണ്ട്. ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലറും, ബെന്‍ സ്റ്റോക്സുമാണ് രാജസ്ഥാന്റെ കരുത്ത്. ബട്ലറും സ്റ്റോക്സും ഇന്ത്യക്കെതിരായ ഏകദിന–ട്വന്റി 20 പരമ്ബരകളില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതും.
ബട്ലറിനൊപ്പം യുവതാരം യശ്വസി ജെയ്സ്വാളാകും ഓപ്പണിങ്ങിന് ഇറങ്ങുക. വാംഖഡയിലെ ബാറ്റിങ് പിച്ച് ഇരു ടീമുകള്‍ക്കും അനുകൂലമാണ്. ശിവം ഡൂബെ, ശ്രേയസ് ഗോപാല്‍, രാഹുല്‍ തേവാത്തിയ, റിയാന്‍ പരാഗ്, ലിയാം ലിവിങ്സ്റ്റണ്‍ തുടങ്ങിയ താരങ്ങളും സഞ്ജുവിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. തേവാത്തിയയും ഡൂബെയും സ്കോറിങ്ങിന് വേഗം കൂട്ടാന്‍ കെല്‍പ്പുള്ള താരങ്ങളാണ്.
ക്യാപ്റ്റന്‍ എന്ന നിലയിലുള്ള റിഷഭ് പന്തിന്റെ പ്രകടനം; അഭിപ്രായങ്ങള്‍ വ്യക്തമാക്കി ശിഖര്‍ ധവാന്‍
ടീമിന്റെ ബോളിങ്ങ് നിരയെ നയിക്കുന്ന ജോഫ്ര ആര്‍ച്ചറിന്റെ പരുക്കാണ് രാജസ്ഥാന് തിരിച്ചടിയാകുക. ആര്‍ച്ചറിന്റെ അഭാവത്തില്‍ ക്രിസ് മോറിസായിരിക്കും പ്രധാന ബോളര്‍. മോറിസിന് പുറമെ മുസ്തഫിസൂര്‍ റഹ്മാന്‍, ജയദേവ് ഉനദ്കട്ട്, കാര്‍ത്തിക് ത്യാഗി, ചേതന്‍ സക്കറിയ എന്നിവരാണ് പേസ് നിരയില്‍ ഉള്ളത്. പരിചയസമ്ബത്ത് ഉനദ്കട്ടിന് തുണയാകും.
മറുവശത്ത് കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയില്‍ ത്രയമാണ് പഞ്ചാബിന്റെ കരുത്ത്. രാഹുലും മായങ്കും ചേര്‍ന്ന് കഴിഞ്ഞ സിസണില്‍ 1094 റണ്‍സാണ് നേടിയത്. ഗെയിലിന് പുറമെ ഡേവിഡ് മലനും പഞ്ചാബ് ബാറ്റിങ്ങിന്റെ ആഴം കൂട്ടുന്നു. തമിഴ്നാട് താരം ഷാരൂഖ് ഖാന്‍, നിക്കോളാസ് പൂരാന്‍ എന്നിവരാരിയിരിക്കും മധ്യനിരയില്‍ ഇറങ്ങുക.
ഇന്ത്യന്‍ താരം മൊഹമ്മദ് ഷമിയായിരിക്കും ബോളിങ് നിരയെ നയിക്കുന്നത്. ഓസീസ് താരങ്ങളായ റിച്ചാഡ്സണ്‍, റിലെ മെരിഡിത്ത്, ക്രിസ് ജോര്‍ദാന്‍ തുടങ്ങിയവരുണ്ട് ഷമിക്ക് പിന്തുണ നല്‍കാന്‍. മുരുഗന്‍ അശ്വിനും രവി ബിഷ്ണോയിയുമാണ് സ്പിന്‍ ദ്വയങ്ങള്‍.