ഫുട്‌ബോളിന് പിരിവിട്ട കുട്ടികളെ ക്യാമ്പിലേക്ക് ക്ഷണിച്ച് ബ്ലാസ്‌റ്റേഴ്‌സ്
November 8, 2019 8:00 pm
0
സാമൂഹിക മാധ്യമങ്ങളില് ഫുട്‌ബോള്‍ വാങ്ങാന്‍ വേണ്ടി യോഗം കൂടിയ മലപ്പുറത്തെ കുട്ടിത്താരങ്ങളുടെ വീഡിയോ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി തുടരുകയാണ്. ചാരിറ്റി പ്രവര്‍ത്തകന്‍ സുഷാന്ത് നിലമ്പൂര്‍ പുറത്ത് വിട്ട വീഡിയോ ഇവരുടെ സ്വപ്‌നമായ ഫുട്‌ബോള്‍ സമ്മാനിക്കാനായി രംഗത്തെത്തി. കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോള്‍ ഈ താരങ്ങളെ തങ്ങളുടെ ക്യാമ്പിലേക്ക് ക്ഷണിച്ചിരിക്കുകയാണ് .
ഈ കുട്ടിക്കൂട്ടം തങ്ങള്‍ക്ക് പ്രചോദനമാണെന്ന് വ്യക്തമാക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ കൊച്ചി കലൂരിലെ ഫുട്‌ബോള്‍ ക്ലബിലേക്ക് ക്ഷണിച്ചു. കുട്ടികള്‍ക്ക് അവര്‍ എന്താണോ സ്വപ്നം കണ്ടതും അര്‍ഹിക്കുന്നതും അത് നല്‍കുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. വീഡിയോ പകര്‍ത്തിയ സുശാന്തിനെ കേരള ബ്ലാസ്റ്റേഴ്‌സ് അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് സുശാന്ത് നിലമ്പൂര്‍ സ്വന്തം വീടിനടുത്ത് ഫുട്‌ബോള്‍ സ്വന്തമാക്കുന്നതിന് വേണ്ടി യോഗം കൂടിയ കുട്ടിത്താരങ്ങളുടെ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഒരു കൂട്ടം കുട്ടികള്‍ മീറ്റിങ് കൂടി ഫുട്ബോള്‍ വാങ്ങാനുള്ള പൈസ കണ്ടെത്തുന്നതും കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ കളിക്കാരെ അഭിനന്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
തെങ്ങിന്റെ മടല് കൊണ്ട്, മുകളില്‍ ഒരു കമ്പ് വെച്ച് മൈക്ക് സ്റ്റാന്‍ഡ് ഉണ്ടാക്കി, പ്ലാസ്റ്റിക് കവര്‍ കീറി പൊന്നാടയാക്കിയാണ് കുട്ടിപ്പട്ടാളം മീറ്റിങ് സംഘടിപ്പിച്ചത്. അടുത്ത ഞായറാഴ്ച്ച ഓണ്‍ലൈന്‍ ആയി ഫുട്ബോള്‍ ഓര്‍ഡര്‍ ചെയ്യുമെന്നും ആ ഒരാഴ്ച്ച മിഠായി വാങ്ങാതെ പൈസ എടുത്തവെച്ച് ഫുട്ബോള്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നുമാണ് മീറ്റിങ്ങിലെടുത്ത തീരുമാനം.
മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്ക് വന്‍ ഹിറ്റായി മാറിയ വീഡിയോ സുഷാന്തിന്റെ അക്കൗണ്ടിലൂടെ മാത്രം 23 ലക്ഷത്തില്‍ കൂടുതല്‍ ആളുകളാണ് കണ്ടത്. മറ്റ് നിരവധി പ്രൊഫൈലുകളിലും പേജുകളിലും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയെല്ലാം ഹിറ്റാണ്. പഴയകാല ഓര്‍മകളിലേക്ക് തങ്ങളെ കൈപിടിച്ച് നടത്തിയ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുന്ന കമന്റുകളാണ് ഈ പോസ്റ്റുകള്‍ക്ക് ലഭിക്കുന്നത്. വീഡിയോ ഹിറ്റായതിനെ തുടര്‍ന്ന് ചലച്ചിത്ര താരം ഉണ്ണിമുകുന്ദനും നിരവധി ക്ലബുകളും കുട്ടികള്‍ക്ക് ഫുട്ബോളും ഇവര്‍ക്ക് ജെഴ്സിയുമായി രംഗത്തെത്തിയിരുന്നു.