Friday, 2nd May 2025
May 2, 2025

ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി കാട്ടുകള്ളനാണെന്ന് ചെന്നിത്തല; ‘ഏത് അഴിമതിക്കാരെയും സംരക്ഷിക്കുന്ന അഴിമതിക്കാരന്‍’

  • April 12, 2021 2:22 pm

  • 0

ലോകായുക്ത ഉത്തരവില്‍ മന്ത്രി കെടി ജലീലിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയു രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ ടി ജലീലിന് ഒത്താശ ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സര്‍ക്കാര്‍ തന്നെ നിയോഗിച്ച ലോകായുക്തയുടെ വിധിയാണ് വന്നത്. നായനാരുടെ കാലത്ത് കൊണ്ടുവന്നതാണ് ലോകായുക്തയെന്നും നായനാരുടെ ആത്മാവ് പോലും പിണറായിയോട് പൊറുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഏത് അഴിമതിക്കാരെയും സംരക്ഷിക്കുന്ന അഴിമതിക്കാരനാണ് മുഖ്യമന്ത്രി. ലാവ്‌ലിന്‍ കേസിലെ ആറാമത്തെ പ്രതിയാണ് മുഖ്യമന്ത്രി. അഴിമതിക്കാരനായ മുഖ്യമന്ത്രി നടപടി എടുക്കുമെന്ന് ആരും പ്രതീക്ഷിക്കണ്ട. നാണമില്ലാത്ത ഭരണാധികാരിയാണ് കേരളത്തിന്റേത്എന്നിട്ട് പുരപ്പുറത്ത് കേറി അഴിമതിക്കെതിരെ പ്രസംഗിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി കാട്ടുകള്ളനാണ്. കേരളത്തെ ജനങ്ങള്‍ വിഡ്ഢികളാണെന്ന് മുഖ്യമന്ത്രി കരുതരുതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ബന്ധു നിയമനത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്ന് മന്ത്രി ഹര്‍ജിയില്‍ പറയുന്നു. പ്രാഥമിക അന്വേഷണം നടത്താതെയാണ് ലോകായുക്ത അന്തിമ നിഗമനത്തിലെത്തിയതെന്നും ലോകായുക്തയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ല ഇതെന്നും ജലീല്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. ലോകായുക്ത നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല, അതിനാല്‍ ലോകായുക്തയുടെ കണ്ടെത്തല്‍ തള്ളണമെന്നാണ് ആവശ്യപ്പെടുന്നത്.

ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് നാളെ പരിഗണിക്കും. കേസില്‍ സര്‍ക്കാരിന്റെയും ലോകായുക്തയുടേയും വിശദീകരണം കോടതി തേടിയേക്കും. കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്. നിയമപരമായി മന്ത്രി കെ.ടി ജലീലിനെ പ്രതിസന്ധിയിലാക്കാന്‍ കഴിയുന്നതാണ് ലോകായുക്തയുടെ റിപ്പോര്‍ട്ടെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായം.

അഴിമതിനിരോധനത്തിനുവേണ്ടി നിയമപരമായി സ്ഥാപിക്കപ്പെട്ട അതോറിറ്റിയുടേതാണ് റിപ്പോര്‍ട്ടെന്നത് കോടതിയില്‍ കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്നും നിയമവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. സ്വജനപക്ഷപാതം കാണിച്ച ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നുമായിരുന്നു ലോകായുക്തയുടെ ഉത്തരവ്.