പാക്കിസ്ഥൻ എഫ്എടിഎഫിന്റെ കരിമ്പട്ടികയിലേക്ക്
August 24, 2019 10:14 am
0
ന്യൂഡൽഹി : ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്കു സാമ്പത്തികസഹായം നൽകുന്നതു തടയുന്നതിൽ വീഴ്ച വരുത്തിയതിന് പാക്കിസ്ഥാനെ യുഎൻ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഏഷ്യപസഫിക് ഗ്രൂപ്പ് (എപിജി) കരിമ്പട്ടികയിൽ പെടുത്താൻ നീക്കം തുടങ്ങി. ഭീകരർക്കു സാമ്പത്തികസഹായം നൽകുന്നതു നിരീക്ഷിച്ച് നടപടിയെടുക്കുന്നതിനുള്ള യുഎൻ സംവിധാനമാണ് എഫ്എടിഎഫ്.
ഓസ്ട്രേലിയയിലെ കാൻബറയിൽ 2 ദിവസമായി 7 മണിക്കൂർ ചർച്ചയ്ക്കു ശേഷമായിരുന്നു പാക്കിസ്ഥാനെതിരെ 41 അംഗ എപിജി നടപടി. 11 മാനദണ്ഡങ്ങളിൽ പത്തും പാക്കിസ്ഥാൻ പാലിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. പാക്കിസ്ഥാൻ സ്റ്റേറ്റ് ബാങ്ക് ഗവർണറാണ് യോഗത്തിൽ പങ്കെടുത്തത്. നിലവിൽ ‘ഗ്രേ’ പട്ടികയിലുള്ള പാക്കിസ്ഥാൻ എഫ്എടിഎഫ് നൽകിയിരുന്ന 27 ഇന കർമപദ്ധതി നടപ്പാക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്ന ഒക്ടോബറിനുള്ളിൽ നില മെച്ചപ്പെടുത്തിയില്ലെങ്കിൽ കരിമ്പട്ടികയിലാവും. ഒക്ടോബറിൽ പാരിസിൽ നടക്കുന്ന യോഗത്തിലാകും തീരുമാനം.
‘ഗ്രേ’ പട്ടികയിലുള്ളപ്പോൾ തന്നെ ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യൻ യൂണിയൻ, മൂഡീസ് പോലുള്ള റേറ്റിങ് ഏജൻസികൾ എന്നിവയുടെ നിരീക്ഷണത്തിലുള്ള പാക്കിസ്ഥാൻ രാജ്യാന്തര വായ്പകളും മറ്റും ലഭിക്കുക ഇതോടെ കൂടുതൽ ദുഷ്കരമാകും. ലഷ്കറെ തയിബ, ഫലാഹി ഇൻസാനിയത് ഫൗണ്ടേഷൻ തുടങ്ങിയ ഭീകരസംഘടനകൾക്കുള്ള സാമ്പത്തിക സഹായം തടയുന്നതിലും നടപടിയെടുക്കുന്നതിലും പരാജയപ്പെട്ടതിനു 2018 ജൂണിലാണ് പാക്കിസ്ഥാനെ ‘ഗ്രേ’ പട്ടികയിൽ പെടുത്തിയത്. ഭീകരർക്കെതിരെ സ്വീകരിക്കുന്ന നടപടി സംബന്ധിച്ച് പാക്കിസ്ഥാൻ 450 പേജുള്ള രേഖകൾ യോഗത്തിൽ സമർപ്പിച്ചിരുന്നു.
മോദി, ഇമ്രാൻ യുഎൻ പ്രസംഗം ഒരേ ദിവസം
ന്യൂയോർക്ക് ∙ അടുത്ത മാസം 27ന് നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രധാനമന്ത്രിമാർ പ്രസംഗിക്കും. കശ്മീർ വിഷയം ഉന്നയിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നടപടിക്കെതിരെ യുഎന്നിൽ മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം സംഘടിപ്പിക്കാൻ ഇമ്രാൻ പാർട്ടി അനുഭാവികൾക്കു നിർദേശം നൽകി. കശ്മീരിലെ സ്ഥിതിഗതികൾ വ്യക്തമാക്കി പാക്കിസ്ഥാൻ മനുഷ്യാവകാശങ്ങൾക്കുള്ള യുഎൻ ഹൈക്കമ്മിഷണർക്ക് കത്ത് നൽകി.