
ഭരണതുടര്‍ച്ചയുണ്ടായാല്‍ സി പി എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍; ലക്ഷ്യം സംസ്ഥാനത്ത് സംഘടനാപരമായ ശക്തിപ്പെടല്‍
April 12, 2021 10:05 am
0
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണതുടര്‍ച്ചയുണ്ടായാല്‍ സി പി എമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കാനുളള സന്നദ്ധത സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. കേന്ദ്ര കമ്മിറ്റി ഇക്കാര്യം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദിയാകും ഇത്.
ഫെബ്രുവരി അവസാനം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് ബ്രാഞ്ച് സമ്മേളനങ്ങള്‍ രണ്ട് മാസം കഴിഞ്ഞ് ആരംഭിക്കും. രാജ്യത്ത് പാര്‍ട്ടി സംഘടനാ സംവിധാനം ഏറ്റവും ശക്തമായ സംസ്ഥാനമെന്ന നിലയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ കേരളത്തെ പരിഗണിക്കുന്നതെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു.
തുടര്‍ഭരണം ലഭിക്കുന്നതിനൊപ്പം പാര്‍ട്ടി കോണ്‍ഗ്രസിന് വേദി കൂടിയൊരുക്കുമ്ബോള്‍ കേരളത്തിലെ സംഘടനാപരമായ ശക്തിപ്പെടലും സി പി എം ലക്ഷ്യം വയ്‌ക്കുന്നുണ്ട്. രാജ്യമെമ്ബാടുനിന്നുമുളള പ്രതിനിധികള്‍ക്ക് എത്തിച്ചേരാനുളള യാത്രാസൗകര്യവും മികച്ച സംഘടനാശേഷിയുമുളള ജില്ലക്കായിരിക്കും നറുക്കുവീഴുക. കേരളത്തിന് അവസരം ലഭിച്ചാല്‍ കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളെയാകും പ്രധാനമായും പരിഗണിക്കുകയെന്ന് ഒരു മുതിര്‍ന്ന നേതാവ് കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു. ഇതിനു മുമ്ബ് കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ നടന്ന പാലക്കാട്, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളെ പരിഗണിക്കില്ല.
ഹൈദരാബാദിലായിരുന്നു ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. അടുത്ത സമ്മേളനം വടക്കന്‍ സംസ്ഥാനങ്ങളിലൊന്നില്‍ നടത്താനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ ഭരണതുടര്‍ച്ച ഉണ്ടായാല്‍ മറ്റൊന്നും ആലോചിക്കേണ്ടയെന്നാണ് പാര്‍ട്ടി തീരുമാനം.
ജൂലായ് ആദ്യവാരമാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുക. ഓഗസ്റ്റ്, സെപ്‌തംബര്‍ മാസങ്ങളില്‍ ലോക്കല്‍ സമ്മേളനങ്ങളും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഏരിയാ സമ്മേളനങ്ങളും നടക്കും. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലായി ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും. ജനുവരി അവസാനമോ, ഫെബുവരി ആദ്യമോ ആയിരിക്കും സംസ്ഥാന സമ്മേളനം.
1956 ഏപ്രിലില്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിനാണ് കേരളം ആദ്യം വേദിയായത്. അവസാനം അതിഥേയത്വം വഹിച്ചത് 2012ല്‍ കോഴിക്കോടും. ഈ വര്‍ഷം നടക്കേണ്ടിയിരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കൊവിഡിന്റേയും ബംഗാളിലേയും കേരളത്തിലേയും നിയമസഭാ തിരഞ്ഞെടുപ്പുകളുടേയും പശ്‌ചാത്തലത്തില്‍ മാറ്റിവയ്‌ക്കുകയായിരുന്നു.