Thursday, 23rd January 2025
January 23, 2025

നെഹ്‌റു കുടുംബത്തിന് ഇനി മുതൽ എസ്പിജി സുരക്ഷ ഇല്ല

  • November 8, 2019 7:00 pm

  • 0

കേന്ദ്ര സർക്കാർ നെഹ്റു കുടുംബത്തിനു നൽകിവന്നിരുന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) സുരക്ഷ പിൻവലിച്ച്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷയാണു പിൻവലിച്ചത്. ഇവർക്ക് ഇനി മുതൽ സെഡ് പ്ലസ് സുരക്ഷയായിരിക്കും ഉണ്ടാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അല്ലാെത എസ്പിജി സുരക്ഷ നല്‍കിയിരുന്നത് നെഹ്‌റു കുടുംബത്തിനു മാത്രമാണ്.

അടുത്തിടെ നടന്ന സുരക്ഷാ അവലോകനത്തിനു ശേഷമാണ് സർക്കാരിന്റെ തീരുമാനം. എസ്പിജി സുരക്ഷ ഒഴിവാക്കുന്ന കാര്യം നെഹ്റു കുടുംബത്തിനെ അറിയിച്ചിട്ടില്ലെന്നാണ് സൂചന. അടുത്തിടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷയും ഒഴിവാക്കിയിരുന്നു. ഇദ്ദേഹത്തിന് സെഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്.

1984-ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം പ്രധാനമന്ത്രിമാര്‍ക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും സുരക്ഷ ഒരുക്കാനാണ് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) രൂപീകരിച്ചത്. 1988-ലാണ് എസ്പിജി നിയമം പാര്‍ലമെന്റ് പാസാക്കിയത്. 1989-ല്‍ രാജീവ് ഗാന്ധിക്കുള്ള എസ്പിജി സുരക്ഷ വി.പി.സിങ് സര്‍ക്കാര്‍ ഒഴിവാക്കി. എന്നാല്‍ 1991-ല്‍ രാജീവ് കൊല്ലപ്പെട്ടതോടെ നിയമത്തില്‍ ഭേദഗതി വരുത്തി. എല്ലാ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തേക്ക് എസ്പിജി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചു.