
തപാല്‍ വോട്ടിലും ഇരട്ടിപ്പെന്ന് ചെന്നിത്തല; തെരഞ്ഞെടുപ്പ് കമീഷന് അഞ്ച് നിര്‍ദേശങ്ങള്‍ കൈമാറി
April 9, 2021 3:16 pm
0
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടിലും വ്യാപക തിരിമറി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരിമറി തടയാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ശ്രമിച്ചില്ല. മൂന്നര ലക്ഷം ഉദ്യോഗസ്ഥരുടെ തപാല്‍ വോട്ടിലെ ഇരട്ടിപ്പ് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണമായേക്കാമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസിലും വീട്ടിലെ വിലാസത്തിലും വീണ്ടും തപാല്‍ ബാലറ്റുകള്‍ വരുന്നുണ്ട്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട്് ചെയ്തവരെ വോട്ടര്‍പട്ടികയില്‍ രേഖപ്പെടുത്തി ഒഴിവാക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയുണ്ടായി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷനെ ആശങ്ക അറിയിച്ചെന്നും അഞ്ച് നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പരാതി കൈമാറിയെന്നും ചെന്നിത്തല പറഞ്ഞു.
തപാല്‍ വോട്ടിലെ ഇരട്ടിപ്പ് ഉടന്‍ കണ്ടെത്തണം. ഉദ്യോഗസ്ഥര്‍ രണ്ടാമത് ചെയ്ത തപാല്‍ വോട്ടുകള്‍ എണ്ണരുതെന്ന് നിര്‍ദേശിക്കണം. പോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയക്കുന്നതിന് മുന്‍പ് അവര്‍ നേരത്തെ വോട്ട് ചെയ്തില്ലെന്ന് ഉറപ്പാക്കണം. പ്രത്യേക കേന്ദ്രത്തില്‍ വോട്ട് ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും തപാല്‍ വോട്ട് അയച്ചു കൊടുത്ത ഉദ്യോഗസ്ഥരുടെ പേര് പ്രസിദ്ധീകരിക്കണം. എത്ര ബാലറ്റ് യൂണിറ്റ് പ്രിന്‍റ് ചെയ്തെന്നും ബാക്കി എത്രയെന്ന കണക്കും പുറത്തുവിടണം. 80 വയസ് കഴിഞ്ഞവരുടെ വോട്ടുകള്‍ വീട്ടിലെത്തി ശേഖരിക്കുന്ന വിഷയത്തിലും പരാതിയുണ്ടെന്നും നടപടിക്രമങ്ങള്‍ ലംഘിക്കപ്പെട്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വോട്ടുകള്‍ സീല്‍ ചെയ്യാതെ ക്യാരി ബാഗുകളിലാണ് സൂക്ഷിച്ചത്. ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥരെ ഇതിനായി ദുരുപയോഗപ്പെടുത്തി. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.