Thursday, 1st May 2025
May 1, 2025

മന്‍സൂറിന്റെ കൊലപാതകം: പ്രതികള്‍ ഒളിവില്‍, കണ്ടെത്താനാവാതെ പോലീസ്; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് പാനൂരിലെത്തും

  • April 9, 2021 10:08 am

  • 0

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ ഇനിയും പിടികൂടാതെ പോലീസ്. ദിവസങ്ങള്‍ പിന്നിട്ടിട്ടും നാട്ടുകാര്‍ പിടികൂടി നല്‍കിയ പ്രതി അല്ലാതെ ആരേയും പിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. കുറ്റകൃത്യത്തില്‍ പങ്കുള്ളവരെ കുറിച്ച്‌ പിടിയിലായ ഷിനോസ് വിവരം നല്‍കിയെങ്കിലും ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

കൊല്ലപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനായി തെരച്ചിലും ഊര്‍ജ്ജിതമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരെ കണ്ടെത്തുന്നതിനായി ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്നു ഇരുചക്ര വാഹനങ്ങളും പോലീസ് കണ്ടെത്തി.

നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷിനോസിനെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പ്രതികളെ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്‌തേക്കും.

മന്‍സൂറിന്റേത് ആസൂത്രിത രാഷ്ടീയ കൊലപാതകമെന്നു പോലീസ് നിഗമനം. ഷിനോസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയ വിരോധമാണു കൊലയ്ക്കു പിന്നില്‍. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ പി.മുഹ്‌സിനെ സംഘടിച്ചെത്തി തടഞ്ഞുവച്ചു മര്‍ദിച്ചും വാളുകൊണ്ടു വെട്ടിയും ഗുരുതരമായി പരുക്കേല്‍പിച്ചു. തടയാനെത്തിയ അനുജന്‍ മന്‍സൂറിനെയും ആക്രമിച്ചു.

ബോംബ് എറിഞ്ഞു പരുക്കേല്‍പിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചോര വാര്‍ന്നു മന്‍സൂര്‍ മരിച്ചു എന്നാണു റിപ്പോര്‍ട്ടില്‍ ഉള്ളത്. അക്രമികള്‍ ഉപയോഗിച്ച മാരകായുധങ്ങളില്‍ ഒന്ന് സംഭവ സ്ഥലത്തുനിന്നു പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് പുതുതായി കേസ് അന്വേഷിക്കുന്നത്. പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. മുഖ്യ ആസൂത്രകന്‍ ഡിവൈഎഫ്‌ഐ നേതാവ് കെ. സുഹൈലടക്കം 25 പേരാണ് കൃത്യം നടത്തിയതെന്ന് പോലീസ് വിലയിരുത്തല്‍ ഇതില്‍ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്നും പോലീസിന് മാരകായുധങ്ങളും ഒരു മൊബൈല്‍ ഫോണും കിട്ടിയിട്ടുണ്ട്. അതിനിടെ വിലാപയാത്രയ്ക്കിടെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ സിപിഎം ഓഫീസുകള്‍ക്കും കടകള്‍ക്കും തീയിട്ട സംഭവത്തില്‍ ഇതുവരെ 24 പേര്‍ പിടിയിലായിട്ടുണ്ട്.