വാളയാർ കേസിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരാകണം
November 8, 2019 6:00 pm
0
വാളയാർ കേസിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരാകണമെന്നു ദേശീയ പട്ടിക ജാതി കമ്മിഷൻ. കേസന്വേഷണത്തെക്കുറിച്ചു വിശദമായ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ടു നോട്ടിസ് അയച്ച കമ്മിഷൻ കേസ് സിബിഐ അന്വേഷിക്കണമെന്നും നിർദേശിച്ചു. 11ന് ഇരുവരും കമ്മിഷൻ ആസ്ഥാനത്തെത്തി റിപ്പോർട്ട് നൽകണം. ഹാജരായില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നു കമ്മിഷൻ ഉപാധ്യക്ഷൻ എൽ. മുരുകൻ പറഞ്ഞു.
അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പരിശോധിക്കാൻ തീരുമാനിച്ച കമ്മിഷൻ, കേസ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ഇടപെടലുണ്ടായെന്നു നിരീക്ഷിച്ചു. കേസ് സിബിഐ ഏൽപ്പിക്കണമെന്ന ആവശ്യം പെൺകുട്ടികളുടെ രക്ഷിതാക്കളും കമ്മിഷനു മുന്നിൽ വച്ചിരുന്നു. പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ച് കേസ് അട്ടിമറിച്ചു. പ്രതികളുടെ രാഷ്ട്രീയ ബന്ധം ഇതിനു സഹായകരമായി.
ശിശുക്ഷേമ സമിതി അധ്യക്ഷനടക്കം രാഷ്ട്രീയമായി ഇടപെട്ടു തുടങ്ങിയ നിരീക്ഷണങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന് കമ്മിഷനും നിർദേശിച്ചത്.കഴിഞ്ഞ 29 നായിരുന്നു കമ്മിഷൻ വാളയാർ സന്ദർശിച്ചത്.