Thursday, 1st May 2025
May 1, 2025

മന്‍സൂറിന്റേത് രാഷ്ട്രീയക്കൊലയെന്ന് പോലീസ്; 11 പ്രതികളെ തിരിച്ചറിഞ്ഞു, ഒരാള്‍ കസ്റ്റഡിയില്‍, അന്വേഷണത്തിന് പ്രത്യേക സംഘം

  • April 7, 2021 2:19 pm

  • 0

കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റേത് രാഷ്ട്രീയക്കൊലയെന്ന് പോലീസ്. സംഭവത്തില്‍ 11 പ്രതികളെ തിരിച്ചറിഞ്ഞു, സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു സി പി എം പ്രവര്‍ത്തകന്‍ കസ്റ്റഡിയിലെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.

ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആര്‍ ഇളങ്കോ അറിയിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു സി പി എം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. മന്‍സൂറിന്റെ അയല്‍വാസി ഷിനോസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്കൊലയ്ക്ക് പിന്നില്‍ സി പി എം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയുണ്ടായ സംഘര്‍ഷത്തില്‍ ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ മുഹ്‌സിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പേര് ചോദിച്ച്‌ ഉറപ്പാക്കിയ ശേഷമാണ് തന്നെ ആക്രമിച്ചതെന്ന് കണ്ണൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ പറയുന്നു. ഇരുപതംഗ ഡി വൈ എഫ് ഐ സംഘമാണ് ആക്രമിച്ചത്. തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് സഹോദരന്‍ ഓടിയെത്തിയതെന്നും അക്രമികളെ പരിചയമുണ്ടെന്നും മുഹ്‌സിന്‍ പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹ്‌സിന്‍ കോഴിക്കോട് ചികിത്സയിലാണ്.

കണ്‍മുന്നില്‍ വച്ചാണ് മകനെ വെട്ടി കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മുഹ്‌സിന്റെ പിതാവ് അബ്ദുള്ളയും പറഞ്ഞു. ഒരു വലിയ സംഘമെത്തി മൂത്ത മകനെ വലിച്ചിറക്കി. തടയാന്‍ ചെന്ന ഇളയ മകനെ വെട്ടുകയായിരുന്നുവെന്നും അബ്ദുള്ള പറയുന്നു.