നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന് അന്തരിച്ചു
April 5, 2021 12:30 pm
0
വൈക്കം: നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന് (70) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അദ്ദേഹം രോഗബാധിതനായിരുന്നു.
കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന് അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടന്, തിരക്കഥാകൃത്ത്, നാടക സംവിധായകന്, രചയിതാവ്, സിനിമ സംവിധായകന്, നിരൂപകന് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബാലചന്ദ്രന്. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. ബാലചന്ദ്രന് തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയില്‍ പ്രശസ്തനായത്. എംജി സ്കൂള്‍ ഓഫ് ലെറ്റ്സേില് ദീര്‍ഘകാലം അധ്യാപകനായിരുന്നു. സ്കൂള്‍ ഓഫ് ഡ്രാമയിലും അധ്യാപകനായിരുന്നു.
കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയന്, തച്ചോളി വര്‍ഗീസ് ചേകവര്‍, ഉള്ളടക്കം, അങ്കിള്‍ ബണ്‍, പുനരധിവാസം, മാനസം, അഗ്നിദേവന് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.
2012ല്‍ പി. കുഞ്ഞിരാമന് നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവന് മേഘരൂപന്‍ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ഇവന് മേഘരൂപന്‍ നേടിയിരുന്നു.
മോഹന്‍ലാല്‍ നായകനായ അഗ്നിദേവനിലൂടെയാണ് സിനിമാ അഭിനയത്തിനു തുടക്കം കുറിക്കുന്നത്. നടന്, ചാര്‍ലി, അന്നയും റസൂലും, അതിരന്, ബ്യൂട്ടിഫുള്‍, കമ്മട്ടിപാടം തുടങ്ങി നാല്പതിലേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. വണ്‍ ആണ് അവസാനം പുറത്തുവന്ന ചിത്രം.
ഭാര്യ: ശ്രീലത ചന്ദ്രന്. മക്കള്‍: ശ്രീകാന്ത് ചന്ദ്രന്, പാര്‍വതി ചന്ദ്രന്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വൈക്കത്ത്.