Thursday, 23rd January 2025
January 23, 2025

ഇന്ത്യ- പാക് നയതന്ത്ര ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍ മോദിക്ക് കത്തയച്ച്‌ ഇംറാന്‍ ഖാന്‍

  • March 31, 2021 11:51 am

  • 0

ന്യൂഡല്‍ഹി: ഇന്ത്യപാക് ഉഭയകക്ഷി ബന്ധത്തിനുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ് നങ്ങള്‍ പരിഹരിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച്‌ ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാക് റിപ്പബ്ലിക് ദിനമായ മാര്‍ച്ച്‌ 23ന് നരേന്ദ്ര മോദി ഇംറാന്‍ ഖാന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇംറാന്‍ ഖാന്‍ നല്‍കിയത് .

പാകിസ്‌താന്‍ ജനത ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇംറാന്‍ ഖാന്‍ മറുപടി കത്തില്‍ വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെയുള്ള എല്ലാ അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും പാക് പ്രധാനമന്ത്രി കത്തിലെഴുതി.ജമ്മു കശ്മീര്‍ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചാണ് കത്ത്.

ജമ്മു കശ്മീര്‍ തര്‍ക്കങ്ങളെക്കുറിച്ച്‌ ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. പാകിസ്താന്‍ റിപ്പബ്ലിക് ദിനത്തിന് ആശംസ നേര്‍ന്നതിന് നരേന്ദ്ര മോദിയോട് ഇംറാന്‍ ഖാന്‍ നന്ദിയും അറിയിച്ചു.

ആണവ – സായുധ മേഖലകളില്‍ സമാധാനപരമായ സഹകരണം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച്‌ 23ന് പാകിസ്താന് കത്തയച്ചിരുന്നത്. പരസ്പര വിശ്വാസ്യതയും തീവ്രവാദം തുടച്ചുനീക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ഇംറാന്‍ ഖാന് അയച്ച കത്തില്‍ മോദി ആവശ്യപ്പെട്ടിരുന്നു.

2016 ല്‍ പത്താന്‍കോട്ടിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യപാക് ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായത് . ഉറി, പുല്‍വാമ ആക്രമണം അടക്കം തുടര്‍ന്നുണ്ടായ ഭീകരാക്രമണങ്ങള്‍ ഇരു രാജങ്ങള്‍ക്കുമിടയിലുള്ള ശത്രുത വര്‍ധിപ്പിച്ചു .