യൂദാസിനെ പോലെ വഞ്ചിച്ചു, സൂര്യപ്രകാശം പോലും വിറ്റു കാശാക്കി; എൽഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് മോദി.
March 30, 2021 12:56 pm
0
പാലക്കാട്: യുഡിഎഫിനും എൽഡിഎഫിനുമെതിരെ രൂക്ഷ വിമർശനമുയർത്തിയും കേന്ദ്രത്തിൻ്റെ ഭരണനേട്ടങ്ങളും ക്ഷേമപദ്ധതികളും എണ്ണിപ്പറഞ്ഞും പാലക്കാട്ടെ മോദിയുടെ പ്രസംഗം.കേരളം ഫിക്സിഡ് ഡെപ്പോസിറ്റായി എൽഡിഎഫും യുഡിഎഫും കണക്കാക്കുന്ന രാഷ്ട്രീയ അവസ്ഥയ്ക്ക് ഇക്കുറി മാറ്റം വരുമെന്നും പോയ വർഷങ്ങളിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റം വന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി മെട്രോ മാൻ ഇ.ശ്രീധരനെ പുകഴ്ത്തിയ മോദി കേരളത്തിൻ്റെ അഭിമാന പുത്രനാണ് ഇ.ശ്രീധരനെന്നും പറഞ്ഞു.
കേരളത്തിനായി ബിജെപിക്ക് ഒരു വിഷനുണ്ട്. അതിനാലാണ് സംസ്ഥാനത്തെ യുവത്വവും പ്രൊഫഷണലുകളും ബിജെപിയെ തുറന്ന് പിന്തുണയ്ക്കുന്നത്. രാജ്യത്താകെ കാണുന്ന ട്രെൻഡും ഇതാണ്.
ഇന്ത്യയുടെ വികസനത്തിന് ബിജെപിയുടെ കാഴ്ചപ്പാടാണ് മികച്ചതെന്ന് രാജ്യത്തെഎല്ലാ സാമൂഹിക വിഭാഗത്തിൽ നിന്നുള്ളവരും കരുതുന്നു. ഉദാഹരണത്തിന് നിങ്ങളുടെ സ്ഥാനാർത്ഥി മെട്രോ മാൻ ഇ.ശ്രീധരനെ നോക്കൂ. വിദ്യാസമ്പന്നരായ ആളുകൾ രാഷ്ട്രീയത്തിലേക്ക് വരണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്
വിശ്വാസസംരക്ഷണത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ ഒരു പാർട്ടിയുടെ ഭാഗമാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു.ഞങ്ങളുടെ പാർട്ടി സംസ്ഥാന അധ്യക്ഷനെ കേരള സർക്കാർ അറസ്റ്റ് ചെയ്തു ജയിലിലാക്കി.
നാട്ടിലെ വിശ്വാസികളെ ആക്രമിച്ചപ്പോൾ മിണ്ടാതിരിക്കുകയാണ് യുഡിഎഫ് ചെയ്തത്. എൽഡിഎഫിനോടും യുഡിഎഫിനോടും ഒരു കാര്യം പറയാം നിങ്ങളുടെ ലാത്തികൾക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. നിങ്ങൾ ആക്രമിക്കാനൊരുങ്ങിയാൽ ഞങ്ങൾ കൈയും കെട്ടി നോക്കി നിൽക്കില്ല.