Thursday, 1st May 2025
May 1, 2025

മോദി സർക്കാർ ഭരിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ആശങ്ക വേണ്ട; ഉറപ്പ് നൽകി കേന്ദ്ര ഫിഷറീസ് മന്ത്രി

  • March 29, 2021 5:00 pm

  • 0

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ദ്രോഹം മൂലം കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ഭീതിയിലാണെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗ്. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകൾക്ക് അനുമതി നൽകിക്കൊണ്ടുള്ള കരാർ, തുറമുഖങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക ഫീസ് തുടങ്ങി സംസ്ഥാന സർക്കാരിന്റെ നടപടികൾ മത്സ്യത്തൊഴിലാളികളെ ഭീതിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ കേന്ദ്രം ഭരിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് യാതൊരു ഭയവും ആശങ്കയും വേണ്ടെന്നും ഗിരിരാജ് സിംഗ് വ്യക്തമാക്കി.

കേരളത്തിൽ പുതുതായി നിർമിച്ച 9 ഹാർബറുകളിൽ നാലെണ്ണത്തിന്റെ നിർമാണത്തിന് 75 ശതമാനം പണവും നൽകിയത് കേന്ദ്രസർക്കാരാണ്. പക്ഷേ അതിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ആരെയും പിണറായി സർക്കാർ ക്ഷണിച്ചില്ല. രൂക്ഷമായ കടലാക്രമണം നേരിടുന്ന കേരള തീരത്ത് കടൽഭിത്തി നിർമ്മിക്കാൻ ഈ സർക്കാർ ഒന്നും ചെയ്തില്ല. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി എന്ന നിലയിൽ ജെ. മേഴ്സിക്കുട്ടിയമ്മ ഇതുവരെ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിൽ വരികയോ നേരിട്ടു കാണുകയോ ചെയ്തിട്ടില്ലെന്നും ഗിരിരാജ് സിംഗ് വ്യക്തമാക്കി

രാജ്യാന്തര കടൽപ്പാത സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കും. മൂന്നു ലക്ഷം രൂപയുടെ കടത്തിലേക്ക് കേരളത്തെ എത്തിച്ച കമ്മി സർക്കാരാണ് ഇടതുപക്ഷത്തിന്റേത്. ഇവിടെ കമ്മീഷൻ കൊടുക്കാതെ ഒന്നും നടക്കില്ല. കമ്മീഷൻ പണം കൊണ്ടാണ് സർക്കാർ പോലും തുടരുന്നത്. ഇത് ജനസമ്മതിയുള്ള സർക്കാരല്ല മറിച്ച് കമ്മീഷൻ സർക്കാരാണ്. ന്യൂനപക്ഷ പ്രീണനം നടത്തുന്ന പിണറായി സർക്കാർ ലൗ ജിഹാദും ഹലാലും പ്രോത്സാഹിപ്പിക്കുകയാണ്. ലോകം കേരളത്തെ അറിയുന്നത് നാളികേരത്തിന്റെയും കയറിന്റെയും പേരിലാണ്. ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ നടത്തിയിരുന്നവർ ഇടതുസർക്കാരിന്റെ തെറ്റായ നയം മൂലം അയൽ സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയെന്നും ഫിഷറീസ് മന്ത്രി ചൂണ്ടിക്കാട്ടി.

 

ഫിഷറീസ് മന്ത്രാലയം വേണമെന്നാണ് അടുത്തിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. എന്നാൽ 2019ൽ തന്നെ മോദി സർക്കാർ ഇത് പ്രത്യേക മന്ത്രാലയമായി രൂപീകരിച്ചത് അദ്ദേഹം അറിഞ്ഞിട്ടില്ല. അദ്ദേഹം മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ഫിഷറീസ് മന്ത്രി എന്ന നിലയിൽ തന്നോട് പാർലമെന്റിൽ ചോദിച്ചിരുന്നു. അതിനുള്ള കൃത്യമായ മറുപടിയും നൽകിയിരുന്നു. പിന്നെ എന്തിനാണ് അദ്ദേഹം ഇത്തരം മണ്ടത്തരങ്ങൾ പറയുന്നതെന്ന് അറിയില്ല. മുമ്പ് ഫിഷറീസ് മന്ത്രാലയത്തിന്റെ ഉത്തരം തേടി പാർലമെന്റിൽ ചോദ്യം ചോദിച്ചത് രാഹുൽ തന്നെയാണോ അതോ മറ്റ് വല്ല തട്ടിപ്പുകാരുമാണോ എന്നും അദ്ദേഹം ചോദിച്ചു.