കൊറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നല്ലെന്ന് ലോകാരോഗ്യ സംഘടന
March 29, 2021 4:24 pm
0
കൊറോണ വൈറസ്ന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. കൊറോണയുടെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നല്ലെന്നും മൃഗങ്ങളില്‍ നിന്നാകാമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍.
വവ്വാലുകളില്‍ നിന്നും മറ്റേതോ മൃഗം വഴിയാണ് മനുഷ്യനില്‍ രോഗമെത്തിയതെന്ന അനുമാനമാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന മുന്നോട്ടു വെച്ചിരിക്കുന്നത്. ലാബില്‍ നിന്നും അബദ്ധത്തില്‍ വൈറസ് പുറത്തുവരാനുളള സാദ്ധ്യത വളരെ വിരളമാണെന്നാണ് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയും ചൈനയും സംയുക്തമായാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ലോകരാജ്യങ്ങള്‍ കൊവിഡിന്റെ പേരില്‍ ചൈനയെ പഴി പറയുന്നത് ഒഴിവാക്കാനുളള ശ്രമമാണോ എന്ന് ഇപ്പോള്‍ വിവിധ കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ ഈ കണ്ടെത്തല്‍ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നാണ് പല വിദഗ്‌ദ്ധരും പറയുന്നത്. ലാബില്‍ നിന്നാണ് രോഗം പടര്‍ന്നുപിടിച്ചതെന്നതിനെ ചുറ്റിപറ്റിയുളള പല ചോദ്യങ്ങള്‍ക്കും റിപ്പോര്‍ട്ടില്‍ പക്ഷെ മറുപടിയില്ല. വുഹാനിലെ പരീക്ഷണശാലയില്‍ നിന്ന് രോഗം ഉദ്ഭവിച്ചു എന്ന വാദത്തിനൊഴിച്ച് മറ്റ് സംശയമുളള മേഖലകളിലെല്ലാം വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.