ന്യൂജനറേഷൻ ആയി വേണാട് എക്സ്പ്രസ്സ്
November 8, 2019 12:00 pm
0
പുതിയ കോച്ചുകളുമായി കേരളത്തിന്റെ ജനപ്രിയ ട്രെയിൻ വേണാട് എക്സ്പ്രസ് യാത്ര തുടങ്ങി. തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിൽ ഓടുന്ന വേണാട്, റെയിൽവേയിൽ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിനാണ്. വിമാനത്തിന്റെ ഉൾവശം പോലെ മനോഹരം, ഒട്ടും ഞെരുങ്ങാതെ കാലു നീട്ടി ഇരിക്കാനുള്ള സൗകര്യം; മാറ്റം സ്വാഗതം ചെയ്തു സ്ഥിരം യാത്രക്കാർ ആവശ്യപ്പെടുന്നത് ഇത്ര മാത്രം: സീറ്റുകൾ കുത്തിവരച്ചു നശിപ്പിക്കുന്നവരെ പിടികൂടാൻ സിസിടിവി ക്യാമറകൾ വേണം, ട്രെയിൻ സമയം പാലിക്കണം.
എസി ചെയർ കോച്ചിൽ ട്രെയിൻ എവിടെയെത്തിയെന്ന് അറിയിക്കുന്ന എൽഇഡി ബോർഡ് വൈകാതെ സജ്ജമാകും. ശുചിമുറിയിൽ ആളുണ്ടോയെന്നറിയാൻ വാതിലിൽ തന്നെ ഇൻഡിക്കേഷൻ തെളിയും. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സീറ്റിനരികിൽ പ്ലഗ് പോയിന്റുകൾ.സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രധാന്യം നൽകിയുള്ള പുത്തൻ കോച്ചുകൾ നിലവിലുള്ള കോച്ചുകളെക്കാൾ കൂടുതൽ ഇരിപ്പിടങ്ങൾ സജ്ജീകരിക്കാവുന്ന
ഒരു എസി ചെയർ കാർ, 15 സെക്കൻഡ് ക്ലാസ് സിറ്റിങ്, 3 ജനറൽ സെക്കൻഡ് ക്ലാസ്, പാൻട്രി കാർ, 2 ലഗേജ് കം–ബ്രേക്ക് വാൻ കോച്ചുകളുണ്ട്. ഹെഡ് ഓൺ ജനറേഷൻ സാങ്കേതിക വിദ്യ വഴി ട്രെയിനിലെ ഫാനുകളും ലൈറ്റുകളും പ്രവർത്തിക്കുന്നത് എൻജിനിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ്. പുഷ്ബാക് സംവിധാനമുള്ള സീറ്റുകളാണു ജനറൽ കോച്ചുകളിലുള്ളത്.
ഏറെ കാത്തിരിപ്പിനൊടുവിലാണു ജർമൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എൽഎച്ച്ബി കോച്ചുകൾ വേണാടിനു ലഭിച്ചത്. ശതാബ്ദി മാതൃകയിൽ നീല നിറമുള്ള കോച്ചുകളായി വേണാടിനും. ചെയർ കാർ അല്ലാത്ത 3 ജനറൽ കോച്ചുകളും വൈകാതെ ചെയർ കാറാക്കി മാറ്റുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു.