
140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകള്‍ പരിശോധിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം
March 24, 2021 12:31 pm
0
തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകള്‍ പരിശോധിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറുടെ നിര്‍ദേശം. മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണയാണ് ഇതുസംബന്ധിച്ച നിര്‍ദേശം ജില്ല വരണാധികാരികളായ കലക്ടര്‍മാര്‍ക്ക് നല്‍കിയത്.
ഇരട്ട വോട്ട് സംബന്ധിച്ച മുഴുവന്‍ പരാതികളും ഒരുമിച്ച് പരിശോധിക്കാനാണ് നിര്‍ദേശം. പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് 140 മണ്ഡലങ്ങളിലും ഇരട്ടവോട്ട് ഉണ്ടോ എന്ന് പരിശോധിക്കണം. വ്യാഴാഴ്ചക്കുള്ളില്‍ പ്രത്യേക സോഫ്റ്റവെയര്‍ ഉപയോഗിച്ചുള്ള പരിശോധന പൂര്‍ത്തിയാക്കണം.
ശേഷം ഇരട്ട വോട്ടര്‍മാരുടെ പ്രത്യേക പട്ടിക തയാറാക്കണം. ഈ പട്ടിക ഇരട്ട വോട്ടര്‍മാരെ ശ്രദ്ധിക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറണം. കൂടാതെ, ഇരട്ട വോട്ടുള്ളവരെ ബി.എല്‍.ഒമാര്‍ നേരിട്ടുകാണുകയും വിവരം അറിയിക്കുകയും വേണം. ഈ മാസം തന്നെ പുതിയ പട്ടിക വരാണാധികാരികള്‍ക്ക് കൈമാറണംമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസര്‍ നിര്‍ദേശിക്കുന്നു.
ഇരട്ട വോട്ട് കണ്ടെത്തേണ്ടത് പോളിങ് ഒാഫീസറുടെ ഉത്തരവാദിത്തമാണ്. ആള്‍മാറാട്ടം കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസര്‍ വ്യക്തമാക്കുന്നു.
ഇരട്ടവോട്ടുള്ളവരുടെ കൈയില്‍ പുരട്ടിയ മഷി പൂര്‍ണമായും ഉണങ്ങുംവരെ പോളിങ് ബൂത്തിലുണ്ടാവണം. മഷി മായ്ച്ച് രണ്ടാമതും വോട്ട് ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ നടപടിയെന്നും കലക്ടര്‍മാര്‍ക്ക് അയച്ച കത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസര്‍ വിവരിക്കുന്നു.
സംസ്ഥാനത്തെ വിവിധ നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ വ്യാപകമായി ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ശരിവെച്ചിരുന്നു. ഏഴ് ജില്ലകളില്‍ ഇരട്ട വോട്ട് കണ്ടെത്തിയതായി കലക്ടര്‍മാര്‍ പ്രാഥമിക റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
വൈക്കം നിയോജക മണ്ഡലത്തില്‍ 1606 ഇരട്ട വോട്ടുകള്‍ ഉണ്ടെന്ന പരാതിയില്‍ 540 എണ്ണവും ഇടുക്കിയില്‍ 1168 എണ്ണമുണ്ടെന്നതില് 434ഉം ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടിയില്‍ 570, പാലക്കാട് 800 കാസര്‍കോട് 640 എണ്ണം വീതവും തവനൂരില്‍ 4395 എണ്ണത്തില്‍ 70 ശതമാനവും കോഴിക്കോട് 3767ല് 50 ശതമാനവും ഇരട്ട വോട്ടുകളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ടിക്കാറാം മീണ അറിയിച്ചത്.
ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടര്‍ക്ക് അഞ്ച് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദുമ അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഒാഫിസറായ െഡപ്യൂട്ടി തഹസില്‍ദാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബൂത്ത് ലെവല്‍ ഒാഫിസറുടെ പരിേശാധന ഇല്ലാതെയാണ് പുതിയ കാര്‍ഡുകള്‍ അനുവദിച്ചത്. കുമാരിയുടെ പേരില്‍ നല്കിയ അധിക നാല് കാര്‍ഡുകളും നശിപ്പിച്ചു.