
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം
March 24, 2021 11:43 am
0
ന്യൂഡല്‍ഹി/ തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23ന് വൈകിട്ട് അഞ്ചിന് വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ണായക പ്രഖ്യാപനം. അതിര്‍ത്തികളെല്ലാം ആദ്യം ഏഴ് ദിവസത്തേക്ക് അടച്ചു. പിറ്റേന്ന് 24ന് പ്രധാനമന്ത്രി 21ദിവസത്തേക്ക് രാജ്യത്താകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പിന്നീട് മേയ് മൂന്നിലേക്കും പതിനേഴിലേക്കും മുപ്പത്തിയൊന്നിലേക്കും ലോക്ക് ഡൗണ്‍ നീണ്ടു. ജൂണ്‍ മുതല്‍ ചെറിയ ഇളവുകള്‍ നല്‍കി. ഏഴ് ഘട്ടമായി ഡിസംബര്‍ വരെ അണ്‍ലോക്ക് തുടര്‍ന്നു. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും വിമാന, റെയില്‍ സര്‍വീസുകള്‍ ഒരുവര്‍ഷം സാധാരണ നിലയിലായിട്ടില്ല. ഇന്ത്യയില്‍ 500 പേര്‍ക്ക് കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്‌ത അവസ്‌ഥയിലായിരുന്നു ലോക്ക്‌ഡൗണ്‍ പ്രഖ്യാപനം. 130 കോടി ജനങ്ങളെ വീട്ടകങ്ങളിലേക്ക് ഒതുക്കുന്ന ലോക്ക്‌ഡൗണ്‍ ലോകത്തു തന്നെ സമാനതയില്ലാത്തതായിരുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ ചൈനയില്‍ കോവിഡ് രോഗം പടര്‍ന്നു പിടിക്കുന്ന സമയത്തു തന്നെ കേരളത്തില്‍ ഒരു രോഗിയെത്തിയിരുന്നു. പിന്നീട് രോഗം അധികം റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ല. ഈ സമയത്ത് അമേരിക്കയിലും ഇറ്റലിയിലും മറ്റും രോഗം പടര്‍ന്നു പിടിക്കുകയും ആയിരങ്ങള്‍ മരിച്ചു വിഴുകയുമായിരുന്നു. രോഗബാധ തടയാന്‍ രാജ്യത്തെ അടച്ചിടുക എന്നതു മാത്രമേ ചെയ്യാനുള്ളൂ എന്ന അവസ്‌ഥയിലാണ് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 25 മുതല്‍ 23 ദിവസത്തേക്ക് പ്രഖ്യാപിച്ച സമ്ബൂര്‍ണ ലോക്ക്‌ഡൗണ്‍ 70 ദിവസം വരെ നീണ്ടു. പിന്നീട് ജൂണ്‍ ഒന്നു മുതല്‍ ലോക്ക്‌ഡൗണിന്റെ തീവ്രത കുറച്ചുകൊണ്ടു വന്നു. അണ്‍ലോക്ക് എന്നു പേരിട്ട ഈ പ്രക്രിയ ഇപ്പോഴും തുടരുകയാണ്. അണ്‍ലോക്ക്-10 എന്ന ഘട്ടത്തിലാണ് ഇപ്പോള്‍ രാജ്യം. ഏപ്രില്‍ ഒന്നിന് അണ്‍ലോക്ക് 11 ആരംഭിക്കും. –
അടച്ചിട്ട് വീട്ടിലിരിക്കുന്നതുമായി പൊരുത്തപ്പെടാന്‍ ആളുകള്‍ നന്നേ ബുദ്ധിമുട്ടി. കോവിഡ് പാടെ മാറുമെന്ന് പ്രതീക്ഷിച്ചല്ല, മറിച്ച് കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാനും അതുമായി പൊരുത്തപ്പെടാനും മാത്രമായിരുന്നു ലോക്ക്ഡൗണ്‍. അത് ഫലം കണ്ടു. സാനിറ്റൈസറും മാസ്ക്കും ജീവിതത്തിന്റെ ഭാഗമായി മാറി. ലോക്ക്ഡൗണ്‍ കഴിഞ്ഞതോടെ പുതിയ മനുഷ്യരായാണ് ഓരോരുത്തരും പുറത്തിറങ്ങിയത്. കോവിഡിനൊപ്പം ജീവിക്കാനും എല്ലാവരും പഠിച്ചു.
എന്നാല്‍ അത്ര സുഖകരമായിരുന്നില്ല പലര്‍ക്കും കോവിഡ് കാലം. പലരുടെയും ജോലി നഷ്ടമായി. ദിവസവേതനക്കാര്‍ക്ക് വരുമാനമില്ലാതായി. ഇനി എന്ത് എന്ന നിലയില്‍ ഭാവി ചോദ്യ ചിഹ്നമായി നിന്നു. കോവിഡും ലോക്ക്‌ഡൗണും സൃഷ്‌ടിച്ച സാമ്ബത്തിക ആഘാതം വളരെ വലുതായിരുന്നു. ലോക്ക്‌ഡൗണിന്റെ ആദ്യ ദിനങ്ങളില്‍ ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വദേശത്തേക്കുള്ള യാത്രയ്‌ക്ക് ഇറങ്ങിത്തിരിച്ചത് രാജ്യത്തെയാകെ ഞെട്ടിച്ച വന്‍ പലായനമായിരുന്നു. കടകളും ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും മറ്റും അടച്ചതോടെ ജോലിയില്ലാതായ ഈ തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. വാണിജ്യ–വ്യാപാര രംഗം നിശ്ചലമായതോടെ മധ്യവര്‍ഗക്കാരും വരുമാനം കുറഞ്ഞവരുമെല്ലാം ബുദ്ധിമുട്ടിലായി. കേരളത്തില്‍ റേഷന്‍ കടകള്‍ വഴി ഭക്ഷ്യക്കിറ്റ് നല്‍കിയതു പോലെയുള്ള പദ്ധതികള്‍ ജനങ്ങളില്‍ വലിയൊരു പങ്കിനെ പട്ടിണിയില്‍ നിന്ന് രക്ഷിച്ചു എന്നു പറയാം.
പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോള്‍ ജനങ്ങള്‍. ലോക്ക് ഡൗണ്‍ ഒരാണ്ട് പിന്നിടുമ്ബോള്‍ സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. എന്നാല്‍ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. ഇനിയൊരു ലോക്ക് ഡൗണ്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. കോവിഡ് വാക്‌സിന്‍ എത്തിയതോടെ കോവിഡിനെ പൊരുതി തോല്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് ഓരോരുത്തരും.