
സര്‍വേകള്‍ക്കെതിരെ ചെന്നിത്തലയുടെ പരാതി
March 22, 2021 3:35 pm
0
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സര്‍വേകള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യമുന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സര്‍വേകള്‍ കൃത്രിമവും ജനാഭിപ്രായത്തെ സ്വധീനിക്കാനുള്ള ഗൂഡാലോചനയുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിക്കുന്ന സര്‍വേകളാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇതിനെതിരെ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ 200 കോടി രൂപയുടെ പരസ്യം കൊടുത്തതിന്‍റെ ഉപകാര സ്മരണയാണ് ചില മാധ്യമങ്ങള്‍ സര്‍വേയിലൂടെ കാണിക്കുന്നതെന്നാണ് ചെന്നിത്തല പറഞ്ഞത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത് പോലെ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളെ വിരട്ടിയും പരസ്യം നല്‍കിയും വരുതിയിലാക്കുകയാണ്. അഭിപ്രായ സര്‍വേകള്‍ യാഥാര്‍ഥ്യത്തിന് എതിരാണെന്നും ഒരുശതമാനും വോട്ടര്‍മാര്‍ പോലും ഇതില്‍ പങ്കെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന് മാധ്യമങ്ങള്‍ക്ക് വേണ്ടി ഒരു സ്ഥാപനമാണ് സര്‍വേ നടത്തിയത്. ജനഹിതം അട്ടിമറിക്കാന്‍ അഭിപ്രായ സര്‍വേകള്‍ ദുരുപയോഗം ചെയ്യുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ നടന്നത് പോലെ മറുനാടന്‍ കമ്ബനികള്‍ സര്‍വേകള്‍ പടച്ചുവിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സര്‍വേകള്‍ കാല്‍ക്കാശിന് വിലയില്ലാത്തതാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടിരുന്നു. പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള പദ്ധതിയാണിത്. കാല്‍ക്കാശിന്‍റെ വിലയില്ലാത്ത സര്‍വേകള്‍ പലതവണ തെറ്റിയിട്ടുണ്ട് –കുഞ്ഞാലിക്കുട്ടി പറഞ്ഞു.