ലോക റോഡ് സേഫ്റ്റി സീരീസ് ടി20 കിരീടം ഇന്ത്യയ്ക്ക്
March 22, 2021 12:07 pm
0
ലോക റോഡ് സേഫ്റ്റി സീരീസ് ടി20യില്‍ ഇന്ത്യന്‍ ഇതിഹാസങ്ങള്‍ക്ക് കിരീടം. ഫൈനലില്‍ ശ്രീലങ്കയെ 14 റണ്‍സിന് പരാജയപ്പെടുത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേതൃത്വത്തിലുള്ള ഇതിഹാസങ്ങളാണ് കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവരാജ് സിംഗിന്റെയും യൂസഫ് പത്താന്റെയും തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറികളുടെ മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. യുവരാജ് 41 പന്തില്‍ 60 റണ്‍സും 35 പന്തില്‍ 62 റണ്‍സെടുത്ത യൂസഫ് പത്താനുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ഓപ്പണര്‍മാരായ സച്ചിന്‍ 23 പന്തില്‍ 30 റണ്‍സും സെവാഗ് 10 റണ്‍സും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍മാരായ തിലകരത്‌നെ ദില്‍ഷനും സനത് ജയസൂര്യയും മികച്ച തുടക്കം നല്കി. ദില്ഷന് 18 പന്തില്‍ 21 റണ്‍സും ജയസൂര്യ 35 പന്തില്‍ 43 റണ്‍സും നേടി. 30 പന്തില്‍ 40 റണ്‍സെടുത്ത ജയസിംഹെയും 15 പന്തില്‍ 38 റണ്‍സെടുത്ത വീരരത്നയും പൊരുതി നോക്കിയെകിലും 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സിന് ശ്രീലങ്കയുടെ ഇന്നിംഗ്സ് അവസാനിച്ചു.