
അതിര്‍ത്തി കടന്നുള്ള യാത്രക്ക് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക
March 19, 2021 10:56 am
0
കാസര്‍കോട്: അതിര്‍ത്തി വഴിയുള്ള യാത്രക്ക് കോവിഡ് പരിശോധന വീണ്ടും കര്‍ശനമാക്കി കര്‍ണാടക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം നാളെ മുതല്‍ പ്രവേശനം അനുവദിക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. അതേസമയം, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അതിര്‍ത്തി കടക്കാന്‍ ഇന്നു കൂടി ഇളവ് അനുവദിച്ചു. വിദ്യാര്‍ഥികളും നാട്ടുകാരുമായും നടത്തിയ ചര്‍ച്ചയിലാണ് ജില്ലാ ഭരണകൂടം ഇളവ് നല്‍കാന്‍ തീരുമാനിച്ചത്.
കാസര്‍കോട് അതിര്‍ത്തിയില്‍ നിന്ന് ദക്ഷിണ കന്നഡയിലേക്ക് പോകുന്നവര്‍ക്ക് കര്‍ണാടക കോവിഡ് സര്‍ട്ടിഫിക്കറ്റ് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. ഈ തീരുമാനം കൂടുതല്‍ കര്‍ശനമാക്കാനാണ് ദക്ഷിണ കന്നഡ ഭരണകൂടം ഇപ്പോള്‍ തീരുമാനിച്ചത്.
ഇന്ന് രാവിലെ തലപ്പാടി അതിര്‍ത്തി കടന്ന് ജോലി, പഠനം, ചികിത്സ അടക്കമുള്ള ആവശ്യത്തിനായി പോകുന്നവരെ തടഞ്ഞ പൊലീസ്– ആരോഗ്യ വിദഗ്ധര്‍, ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇന്ന് കൂടി ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്.
കോവിഡ് വ്യാപനം കേരളത്തില്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്.