Thursday, 23rd January 2025
January 23, 2025

വാക്കു പാലിച്ച്‌ അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്‍; ഇന്ത്യക്ക് സമ്മാനിച്ചത് ഉജ്ജ്വല വിജയം

  • March 15, 2021 4:11 pm

  • 0

അഹമ്മദാബാദ്: അരങ്ങേറ്റ ടി20 മത്സരത്തില്‍ തന്നെ അര്‍ദ്ധ സെഞ്ചുറിയും മാന്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡും കരസ്ഥമാക്കികൊണ്ട് ഇഷാന്‍ കിഷന്‍ ഗംഭീര വിജയമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ തികയ്ക്കും മുന്നേ ഓപ്പണറായ കെ എല്‍ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. അവിടെ നിന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ തുടക്കക്കാരന്റെതായ യാതൊരു വിധ ഉള്‍വലിവുകളുമില്ലാതെ മാസ്മരിക പ്രകടനമാണ് ഇഷാന്‍ കാഴ്ച വെച്ചത്.

ഓപ്പണറായി എത്തിയ ഇഷാന്‍ 32 പന്തില്‍ 56 റണ്‍സാണ് നേടിയത്. അഞ്ചു ബൗണ്ടറിയും നാലു സിക്സറുകളുമാണ് ഇഷാന്‍ അടിച്ചു കൂട്ടിയത്. മത്സരശേഷം തന്നെ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞ താരം അര്‍ധ സെഞ്ചുറി മറ്റൊരു വ്യക്തിക്ക് സമര്‍പ്പിച്ചുതന്റെ പരിശീലകന്റെ അച്ഛനാണ് ഇഷാന്‍ അര്‍ദ്ധ സെഞ്ചുറി സമര്‍പ്പിച്ചത്. അദ്ദേഹം ഈയിടെയാണ് മരണപ്പെട്ടത്. തന്റെ അച്ഛന് വേണ്ടി ആദ്യ മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടണമെന്ന് പരിശീലകന്‍ ഇഷാനോട് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം നിറവേറ്റാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു .

ഈ പ്രകടനത്തിന്റെ ക്രെഡിറ്റ് ടീമിലെ സീനിയര്‍ താരങ്ങള്‍ക്കാണെന്ന് ഇഷാന്‍ പറയുന്നു. അവര്‍ തന്നോട് പതിവ് ശൈലിയില്‍ കളിക്കുവാന്‍ ആവശ്യപ്പെട്ടതാണ് ആത്മവിശ്വാസം നല്‍കിയതെന്നും ഇഷാന്‍ കിഷന്‍ വ്യക്തമാക്കി. ടീമിന്റെ വിജയ സമയത്തും ക്രീസിലുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അതിനു കഴിയാത്തത്തില്‍ നിരാശയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

മുംബൈ ഇന്ത്യന്‍സിലെ അനുഭവങ്ങള്‍ തന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. ഐ പി എല്ലില്‍ ലോകോത്തര ബൗളര്‍മാരെ നേരിട്ടത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. കൂടാതെ നെറ്റ്‌സില്‍ ട്രെന്‍ഡ് ബോള്‍ട്ട്, ജസ്‌പ്രിത് ബുമ്ര എന്നിവര്‍ക്കെതിരെ കളിക്കാന്‍ കഴിഞ്ഞതും കരുത്തായി മാറിയെന്നാണ് ഇഷാന്‍ പറയുന്നത്.

മുന്‍ ഇന്ത്യന്‍ താരങ്ങളും ഇഷാനെ പ്രശംസിച്ച്‌ രംഗത്തെത്തിയിരുന്നു. ‘ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു വിക്കറ്റ്​ കീപ്പര്‍ ബാറ്റ്​സ്​മാന്‍ ബാറ്റിങ്​ ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നേടി വന്ന്​ കഴിവ്​ തെളിയിക്കുന്നു. ഇത്​ തന്നെയാണ്​ മുമ്ബും സംഭവിച്ചത്​. ഭയാശങ്കകളില്ലാത്ത, ആക്രമണോത്സുകമാര്‍ന്ന ഇഷാന്‍റെ ബാറ്റിങ്​ ഇഷ്​ടപ്പെട്ടു‘. വിരേന്ദര്‍ സേവാഗ് ഇഷാന്റെ പ്രകടനം വിലയിരുത്തിയത് ഇങ്ങനെയാണ്. ഝാര്‍ഖണ്ഡുകാരനായ കിഷനെ നാട്ടുകാരന്‍ കൂടിയായ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്​. ധോണിയുമായാണ്​ സെവാഗ്​ താരതമ്യം ചെയ്​തത്​.