Thursday, 1st May 2025
May 1, 2025

‘നിങ്ങള്‍ക്ക് വയ്യെങ്കില്‍ നേമത്തും വട്ടിയൂര്‍ക്കാവും ഞാന്‍ മത്സരിക്കാം’;കെ സി വേണുഗോപാല്‍

  • March 12, 2021 10:55 am

  • 0

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകാത്ത സാഹചര്യത്തിലാണ് വേണുഗോപാല്‍ അപ്രതീക്ഷിത തീരുമാനം നേതാക്കളോട് പറഞ്ഞത്. ഉമ്മന്‍ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ വയ്യെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് എ ഐ സി സി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ നാടകീയ പ്രഖ്യാപനം നടത്തുകയായിരുന്നു. രണ്ട് മണ്ഡലങ്ങളിലും തനിക്ക് വിജയ സാദ്ധ്യതയുണ്ടെന്നും യോഗത്തില്‍ കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

നേമത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഹൈക്കമാന്‍ഡ് സൂചന നല്‍കിയിട്ടുണ്ട്ഇക്കാര്യം ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിട്ട് അറിയിച്ചു. ഇരുനേതാക്കളും സന്നദ്ധരല്ലെങ്കില്‍ കെ സി വേണുഗോപാല്‍ ആയിരിക്കും സ്ഥാനാര്‍ത്ഥി. കെ മുരളീധരന്‍, ശശി തരൂര്‍ എന്നിവരെയും പരിഗണിക്കുമെന്ന് ഹൈക്കമാന്‍ഡ് സൂചന നല്‍കി. എന്നാല്‍ ലോക്‌സഭാ എം പിമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് വേണുഗോപാലിന് എതിര്‍പ്പാണ്.

വേണുഗോപാലിന്റെ നീക്കം അതീവ ഗൗരവത്തോടെയാണ് എ,ഐ ഗ്രൂപ്പുകള്‍ നോക്കികാണുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ അടക്കം വലിയ തോതില്‍ ഇടപെട്ട വേണുഗോപാല്‍ കേരളത്തില്‍ മത്സരിക്കുമെന്ന് കൂടി പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള നീക്കമായാണ് അത് വിലയിരുത്തപ്പെടുന്നത്. ഇതാണ് ഗ്രൂപ്പ് നേതാക്കളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.

എ ഐ സി സി നടത്തിയ സര്‍വേയില്‍ ഇടതിനാണ് മുന്‍തൂക്കം. നേരിയ മുന്‍തൂക്കമാണ് എല്‍.ഡി.എഫിന് നിയമസഭയില്‍ പ്രവചിക്കപ്പെടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം മികച്ച രീതിയില്‍ നടത്തിയാല്‍ മാത്രമേ ഇടത് മുന്‍തൂക്കത്തിന് തടയിടാനാകൂവെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.