
പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു; സോണിയാഗാന്ധിക്ക് രാജിക്കത്ത് നല്‍കി
March 10, 2021 2:18 pm
0
കൊച്ചി: മുതിര്‍ന്ന നേതാവ് പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു. ദേശീയ അധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്ത് നല്‍കിയാണ് ചാക്കോയുടെ പടിയിറക്കം. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചാക്കോ പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളോട് സ്ഥാനാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്യണമെന്നുള്ള ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം സംസ്ഥാന നേതാക്കള്‍ പരിഗണിച്ചില്ലെന്നുമാണ് ചാക്കോ ഉയര്‍ത്തുന്ന വിഷയം. മുതിര്‍ന്ന നേതാക്കളെ അദ്ദേഹം തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന താന്‍ പിന്നീട് സംസ്ഥാന നേതൃത്വത്തിലേക്ക് മാറിയെങ്കിലും അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നാണ് ചാക്കോയുടെ ആക്ഷേപം.
ഇടഞ്ഞുനില്‍ക്കുന്ന ചാക്കോയെ അനുനയിപ്പിക്കാന്‍ ദേശീയ-സംസ്ഥാന നേതൃത്വത്തില്‍ നിന്നും ആരും മുന്നോട്ടുവന്നിട്ടില്ല. കോണ്‍ഗ്രസ് വിട്ടാല്‍ എവിടേയ്ക്കെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.