തികഞ്ഞ അവഗണന, വംശീയാധിക്ഷേപം, രാജകുടുംബം വേദനിപ്പിച്ചെന്ന് ഹാരി രാജകുമാരന്റെ ഭാര്യ
March 8, 2021 3:35 pm
0
ലണ്ടന്‍ : രാജകുടുംബത്തില്‍ നിന്നു നേരിട്ട കടുത്ത അവഗണനയും വിവേചനവും തുറന്ന് പറഞ്ഞ് ബ്രിട്ടിഷ് രാജകുമാരന്‍ ഹാരിയുടെ ഭാര്യ മേഗന്‍ മാര്‍ക്കിള്‍. യുഎസ് മാധ്യമമായ സിബിഎസില്‍ ഓപ്ര വിന്‍ഫ്രെയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മേഗന്റെ വെളിപ്പെടുത്തല്‍. നേരിടേണ്ടി വന്ന കടുത്ത അവഗണനയില്‍ ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചെന്നും മേഗന്‍ പറഞ്ഞു. തന്റെ മകന്‍ ആര്‍ച്ചിക്ക് രാജകുടുംബത്തില്‍ യാതൊരു അവകാശങ്ങളും ഉണ്ടാകാന്‍ പോകുന്നില്ലെന്നു പറഞ്ഞ മേഗന്‍ അവന്‍ ജനിക്കുന്നതിന് മുന്‍പു തന്നെ വര്‍ണവെറി നേരിടേണ്ടി വന്നിരുന്നെന്നും വെളിപ്പെടുത്തി.
”അവനെ രാജകുമാരനായൊന്നും അവര്‍ കാണില്ലെന്ന് ഹാരി നേരത്തെ പറഞ്ഞിരുന്നു, എന്തിന് കുഞ്ഞ് ആണോ പെണ്ണോ എന്ന് അറിയാന്‍ പോലും അവര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. അവന്‍ ജനിക്കുന്നതിന് മുന്‍പ് നടത്തിയ സംഭാഷണങ്ങളില്‍ നിന്നു തന്നെ ഒരു പദവിയോ സുരക്ഷയോ അവനു നല്‍കാന്‍ പോകുന്നില്ലെന്ന് വ്യക്തമായിരുന്നു. എന്തിന് അവന്റെ നിറം എന്തായിരിക്കുമെന്ന് വരെ ചര്‍ച്ചകള്‍ നടന്നു.” മേഗന്‍ പറഞ്ഞു.
‘ഇനി ജീവിക്കേണ്ട എന്ന് തോന്നി‘
വിവാഹത്തിനു മുന്‍പു തന്നെ കാര്യങ്ങള്‍ ശരിയായ രീതിയില്‍ പോകില്ലെന്നുള്ളതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. മകനു യാതൊരു പദവിയും ലഭിക്കില്ലെന്ന് ഹാരി തന്നെ അറിയിച്ചു. എന്നാല്‍ വിചാരിച്ചതിലും ഭീകരമായിരുന്നു അവസഥ. ഇനി ജീവിക്കേണ്ട എന്ന ചിന്ത പോലും പലപ്പോഴായി മനസ്സില്‍ കടന്നു വന്നു. മാനസിക സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ കൊട്ടാരത്തില്‍നിന്ന് വൈദ്യസഹായം ആവശ്യപ്പെട്ടപ്പോള്‍ അത് നിഷേധിക്കപ്പെട്ടെന്നും ഇക്കാര്യം വളരെയധികം വേദനിപ്പിച്ചെന്നും മേഗന്‍ പറഞ്ഞു.
മേഗന് ആത്മഹത്യാ ചിന്ത വന്ന കാലത്ത് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയതായി ഹാരി രാജകുമാരനും വെളിപ്പെടുത്തി. ഒരു സഹായത്തിനു പോലും ആരുമില്ലായിരുന്നു. ആരുമായും തുറന്നു സംസാരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ പെരുമാറ്റത്തിലും വളരെയധികം ആശങ്കയുണ്ടായിരുന്നെന്നും ഹാരി തുറന്നു പറഞ്ഞു. ‘ചരിത്രം ആവര്‍ത്തിക്കുകയാണോയെന്ന് എനിക്ക് തോന്നി. 1997ല്‍ മരണത്തിനു മുമ്ബ് തന്റെ അമ്മയ്ക്കു (ഡയാന രാജകുമാരി) സംഭവിച്ചത് ഇവിടെയും സംഭവിക്കുകയാണോ എന്നു തോന്നി. പല പൊതുപരിപാടികളിലും ഞാന്‍ അതു തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ അമ്മയെ വേട്ടയാടിയതിനേക്കാള്‍ ഭീകരമാണ് ഇപ്പോഴുള്ളത്. കാരണം ഇവിടെ നിങ്ങള്‍ മേഗന്റെ വംശത്തെയും കൂട്ടുപിടിച്ചിട്ടുണ്ട്‘ ഹാരി പറഞ്ഞു. വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നതിനാല്‍ ഇനി സമൂഹമാധ്യമത്തിലേക്ക് ഒരു തിരിച്ചുവരവില്ലെന്ന് ഹാരിയും മേഗനും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
‘കെയ്റ്റാണ് കരയിച്ചത്, അതൊരു സ്വഭാവഹത്യയുടെ തുടക്കം‘
മേഗന്റെയും ഹാരിയുടെയും വിവാഹത്തിനു മുന്‍പ് ഹാരിയുടെ സഹോദരന്‍ വില്യമിന്റെ ഭാര്യയായ കെയ്റ്റിനെ മേഗന്‍ കരയിച്ചു എന്നുള്ള വാര്‍ത്തകളെക്കുറിച്ച് ചോദിച്ചപ്പോള്‍ സംഭവിച്ചത് നേര്‍വിപരീതമായിരുന്നു എന്നാണ് മേഗന്‍ മറുപടി നല്‍കിയത്. വിവാഹത്തിനു ദിവസങ്ങള്‍ മുന്‍പ് കെയ്റ്റ് താന്‍ ധരിക്കുന്ന വിവാഹ വസ്ത്രത്തെ കുറിച്ച് അസ്വസ്ഥയായിരുന്നെന്നും അത് തന്റെ വികാരങ്ങളെ വേദനിപ്പിച്ചെന്നുമാണ് മേഗന്‍ പറഞ്ഞത്. യഥാര്‍ഥത്തില്‍ സ്വഭാവഹത്യയുടെ തുടക്കമായിരുന്നു അതെന്നും മേഗന്‍ പറയുന്നു.
മേഗനും ഹാരിയും വിവാഹിതരാകുന്ന 2018 മേയ് 19ന് ഏതാനും ആഴ്ച മുന്‍പായിരുന്നു കുപ്രസിദ്ധമായ ‘ഫ്‌ലവറിങ് ഡ്രസ്‘ വിവാദം. വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും മൂന്നു വയസ്സുള്ള മകള്‍ ഷാര്‍ലെറ്റിന്റെ വസ്ത്രവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വിവാഹത്തിന് ഷാര്‍ലെറ്റിനായി തയാറാക്കിയ വസ്ത്രം കെയ്റ്റിന് ഇഷ്ടമല്ലായിരുന്നെന്ന് അന്ന് പാശ്ചാത്യ മാധ്യമങ്ങളെഴുതി. കുട്ടിക്ക് വസ്ത്രം പാകമാകുന്നില്ലെന്നായിരുന്നു പരാതി. അതിന്റെ പേരില്‍ കെയ്റ്റ് കരഞ്ഞെന്നും വാര്‍ത്തകളുണ്ടായി. എന്നാല്‍ കരഞ്ഞത് താനാണെന്നാണ് ഇപ്പോള്‍ അഭിമുഖത്തില്‍ മേഗന്‍ വ്യക്തമാക്കിയത്.
”വിവാഹ സമയത്ത് എന്തോ വിഷയത്താല്‍ ആകുലയായിരുന്നു കെയ്റ്റ്. അക്കാര്യത്തില്‍ അവര്‍ക്ക് ബോധ്യവുമുണ്ടായിരുന്നു. അതുകൊണ്ടാണ് പിന്നീടവര്‍ എനിക്ക് പൂക്കള്‍ അയച്ചു തന്നതും. അതോടൊപ്പം മാപ്പു ചോദിച്ചുള്ള ഒരു കുറിപ്പുമുണ്ടായിരുന്നു. ഒരാളെ വേദനിപ്പിച്ചാല്‍ ഞാനെന്താണോ ചെയ്യുക അതുതന്നെയാണ് ആ കുറിപ്പ് നല്‍കിയതിലൂടെ കെയ്റ്റും ചെയ്തത്..” മേഗന്‍ വിവരിച്ചു. തന്നെ സംബന്ധിച്ചിടത്തോളം കെയ്റ്റ് വളരെ നല്ല വ്യക്തിയാണ്. അതിനാല്‍ത്തന്നെ 2018 നവംബറില്‍ മാധ്യമങ്ങളിലൂടെ ഈ വിഷയം വിവാദമായപ്പോഴും നിശബ്ദമായിരുന്ന് താന്‍ കെയ്റ്റിനെ സംരക്ഷിക്കുകയാണു ചെയ്തത് മേഗന്‍ കൂട്ടിച്ചേര്‍ത്തു. കെയ്റ്റ് മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ച സമയത്തായിരുന്നു ഹാരിയുടെയും മേഗന്റെയും വിവാഹം.
‘രാജകുടുംബത്തിന്റെ രീതി വേദനിപ്പിച്ചു‘
മേഗന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കില്‍ രാജകുടുംബത്തില്‍നിന്ന് പടിയിറങ്ങുമായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഹാരി മറുപടി പറഞ്ഞത്. ”അതിന് എനിക്ക് കഴിയുമായിരുന്നില്ല. കാരണം ഞാന്‍ അവിടെ അകപ്പെട്ടു കിടക്കുകയായിരുന്നു. അകപ്പെട്ടിരിക്കുകയാണെന്ന് ഞാന്‍ പോലും അറിയാത്ത തരത്തില്‍. എന്റെ അച്ഛനെയും സഹോദരനെയുമൊക്കെപ്പോലെ ഞാനും കുടുങ്ങിക്കിടക്കുകയായിരുന്നു. ഇത് ഇങ്ങനെ ആണ്, ഒരിക്കലും ഇതൊന്നും മാറില്ല എന്ന ചിന്താഗതിയാണ് അവിടെ എല്ലാവര്‍ക്കും. എനിക്ക് പക്ഷേ, മാറി ചിന്തിക്കണമായിരുന്നു. കാരണം എനിക്ക് ഇതു മേഗനെ കുറിച്ചുള്ള വിഷയമായിരുന്നു. അവള്‍ കൂടി പ്രതിനിധീകരിക്കുന്ന വംശത്തെ കുറിച്ചായിരുന്നു. മേഗനെ കുറിച്ച് വംശീയാധിക്ഷേപം ഉന്നയിക്കുന്ന നിരവധി വാര്‍ത്തകളും ലേഖനങ്ങളും വന്നിരുന്നു. എന്നാല്‍ രാജകുടുംബത്തിലെ ആരും തന്നെ ഇതിനെതിരെ പ്രതികരിക്കാന്‍ തയാറായില്ല എന്നതാണ് എന്നെ വളരെയധികം വേദനിപ്പിച്ചത്.” ഹാരി പറഞ്ഞു. തന്റെ മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയെ കണ്ണടച്ച് അംഗീകരിച്ചിരുന്നില്ലെന്നു പറഞ്ഞ ഹാരി അവരോട് ബഹുമാനമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ സഹോദരനും അച്ഛനും ഇപ്പോള്‍ സംസാരിക്കാറില്ലെന്നും ഹാരി വെളിപ്പെടുത്തി.
ബ്രിട്ടിഷ് കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍റെയും പരേതയായ ഡയാനയുടെയും രണ്ടാമത്തെ പുത്രനാണ് ഹാരി. അദ്ദേഹം പ്രണയിച്ചു വിവാഹം ചെയ്ത മേഗന്‍ അമേരിക്കക്കാരിയും വിവാഹമോചിതയും ഭാഗികമായി കറുത്ത വര്‍ഗക്കാരിയുമാണ്. അതാണ് മേഗനെ അകറ്റി നിര്‍ത്താന്‍ രാജകുടുംബത്തെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.