Thursday, 23rd January 2025
January 23, 2025

പാര്‍വതി തിരുവോത്തിന് ഒപ്പമുള്ള ആദ്യസിനിമ വനിതാദിനത്തില്‍ പ്രഖ്യാപിച്ച്‌ മമ്മൂട്ടി

  • March 8, 2021 12:03 pm

  • 0

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഇത് ആദ്യമായി ഒരു സിനിമയില്‍ ഒരുമിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസും സിന്‍ സില്‍ സെല്ലുലോയിഡും ചേര്‍ന്നാണ് ചിത്രം എത്തിക്കുന്നത്. എസ് ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. പുഴു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം രതീനയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

അതേസമയം, വനിതാദിനാശംസകള്‍ എന്നു പറഞ്ഞാണ് മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കു വച്ചിരിക്കുന്നത്. മലയാള സിനിമാരംഗത്തെ വനിതകളുടെ അവകാശങ്ങള്‍ക്കായി ശക്തമായി നിലകൊണ്ട പാര്‍വതി നായികയായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെക്കാന്‍ ഇതിലും മികച്ച ദിവസമില്ല. ‘ഇക്കയെ വിമര്‍ശിച്ച പാര്‍വതിനിങ്ങള്‍ക്ക് ഇക്ക നല്‍കുന്ന സമ്മാനംഇതാണ് സ്നേഹംഇതാണ് പ്രതികാരം…’ – എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ ഒരു ആരാധകര്‍ നല്‍കിയിരിക്കുന്ന കമന്റ്.

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒരു സിനിമയ്ക്കായി ഒന്നിക്കുമ്ബോള്‍ അതില്‍ ഒരുപാട് കൗതുകങ്ങള്‍ കൂടിയുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയില്‍ മമ്മൂട്ടി നായകനായ കസബ സിനിമയെക്കുറിച്ച്‌ പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തിനിടെ ആയിരുന്നു സംഭവം. താന്‍ ഈ അടുത്ത് മലയാളത്തില്‍ ഒരു സിനിമ കണ്ടെന്നും തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരം ആണെന്നുമായിരുന്നു പാര്‍വതിയുടെ വിമര്‍ശനം.

എന്നാല്‍, ഈ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ പാര്‍വതിക്ക് നേരെ വലിയ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍, പിന്നോട്ടില്ലെന്ന നിലപാടില്‍ നടി ഉറച്ചു നില്‍ക്കുകയായിരുന്നു. കസബ വിവാദത്തിന് ശേഷം തനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടെന്നും പാര്‍വതി പറഞ്ഞിരുന്നു. കസബ വിവാദത്തില്‍ താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും താന്‍ ഒരു നടനെയും ആക്ഷേപിച്ചിട്ടില്ലെന്നും പിന്നീട് പാര്‍വതി പറഞ്ഞിരുന്നു. കസബയെ പറ്റി പറഞ്ഞതല്ല പ്രശ്നമെന്നും പാര്‍വതി പറഞ്ഞു എന്നതായിരുന്നു പ്രശ്നമെന്നും പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.

ഇതു കൂടാതെ, കഴിഞ്ഞയിടയില്‍ ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന് ചോദിച്ചപ്പോള്‍ എന്തുകൊണ്ട് എന്നായിരുന്നു പാര്‍വതിയുടെ മറുചോദ്യം. രണ്ടിലൊരു പേര് തിരഞ്ഞെടുക്കാന്‍ അവതാരകന്‍ പറഞ്ഞപ്പോള്‍ ഒന്നും തിരഞ്ഞെടുക്കുന്നില്ലെന്ന് പാര്‍വതി പറഞ്ഞതും ചര്‍ച്ചയായിരുന്നു.

ഏതായാലും, കസബ വിവാദത്തില്‍ മമ്മൂട്ടി ആരാധകര്‍ പാര്‍വതിക്ക് എതിരെ തിരിഞ്ഞിരുന്നു. മമ്മൂട്ടിയുടെ പുതിയ സിനിമയില്‍ പാര്‍വതി നായികയായി എത്തുമ്ബോള്‍ ആദ്യം അദ്ഭുതപ്പെടുന്നത് ആരാധകര്‍ തന്നെ ആയിരിക്കും.