പൊളിക്കുന്ന മരട് ഫ്ലാറ്റുകളിൽനിന്ന് വ്യാപക മോഷണം
November 7, 2019 5:00 pm
0
പരാതിയുമായി മരട് ഫ്ലാറ്റ് ഉടമകൾ. മരടിൽ പൊളിക്കൽ പുരോഗമിക്കുന്ന ഫ്ലാറ്റുകളിൽ വ്യാപക മോഷണം എന്നാണ് പരാതി. ഫ്ലാറ്റുകളിൽ നിന്നു സാധനങ്ങൾ നീക്കാൻ ഉടമകൾക്ക് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതിയുടെ നിർദേശ പ്രകാരം ഇന്നലെ സമയം അനുവദിച്ചിരുന്നു. ഫ്ലാറ്റുകളിൽ എത്തിയപ്പോഴാണു പല സാധനങ്ങളും മോഷണം പോയതായി അറിഞ്ഞതെന്ന് ഉടമകൾ പറഞ്ഞു.
സമിതിയുടെ അനുമതി ലഭിച്ച ഉടമകളെ മാത്രമാണ് ഫ്ലാറ്റുകളിലേക്കു കടത്തിവിട്ടത്. ഇന്നലെ വൈകിട്ട് ഏഴര വരെ സമയം നൽകി. ഫ്ലാറ്റുകളിൽ നിന്ന് എസിയും ഫാനും ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങളും വിലകൂടിയ സാനിറ്ററി ഉപകരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് ഉടമകളുടെ ആരോപണം. പരാതി നൽകിയാൽ ഇതെക്കുറിച്ച് അന്വേഷിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
വാതിൽ, ജനൽ തുടങ്ങിയ സാധനങ്ങളുടെ ഉടമസ്ഥാവകാശം പൊളിക്കാനുള്ള കമ്പനികൾക്കു നൽകിയതിൽ വ്യാപകമായ ക്രമക്കേടുണ്ടെന്നും ഫ്ലാറ്റ് ഉടമകൾ ആരോപിച്ചു. ഉടമകൾ സ്വന്തം നിലയിൽ പിടിപ്പിച്ച വാതിലുകൾ പോലും പൊളിക്കുന്ന കമ്പനിക്കു നൽകിയിട്ടുണ്ട്.
കണക്കെടുപ്പ് നടത്താതെയാണു വാതിലുകളും സ്റ്റീൽ കൈവരികൾ ഉൾപ്പെടെയുള്ളവയും പൊളിക്കുന്ന കമ്പനികൾക്കു നൽകിയത്. 5–6 കോടി രൂപയുടെ സാധനങ്ങളാണ് ഇത്തരത്തിൽ കൊണ്ടുപോയതെന്ന് ഫ്ലാറ്റ് ഉടമ ബിയോജ് ചേന്നാട്ട് പറഞ്ഞു. ബോട്ട് ഉപയോഗിച്ചു കായൽവഴി വലിയ തോതിൽ സാധനങ്ങൾ കടത്തിയെന്നും ബിയോജ് ആരോപിച്ചു.