Thursday, 1st May 2025
May 1, 2025

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

  • March 1, 2021 4:23 pm

  • 0

കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിനേഷനായി സംസ്ഥാനം സജ്ജമായിക്കഴിഞ്ഞെന്നും പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചതില്‍ സന്തോഷമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ സമ്ബന്ധിച്ച ആശങ്കകള്‍ അകറ്റിനിര്‍ത്തുന്നതിനായി ആദ്യം കുത്തിവെപ്പെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവസരം വരാന്‍ കാത്തിരിക്കുകയായിരുന്നു. ഇനി അതാവാം. താനും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കും.

വാക്‌സിന്‍ എടുക്കുന്നതിനായി സംസ്ഥാനത്തെ മന്ത്രിമാരും ജനപ്രതിനിധികളും നേരത്തെ തയ്യാറായിരുന്നുഎന്നാല്‍ ജനപ്രതിനിധികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം വാക്‌സിന്‍ എടുക്കേണ്ടതില്ലെന്നായിരുന്നു പ്രധാനമന്ത്രി യോഗത്തില്‍ നല്‍കിയ നിര്‍ദ്ദേശം. ജനപ്രതിനിധികള്‍ക്ക് കുത്തിവെപ്പെടുക്കാനുള്ള അവസരം വരുമ്ബോള്‍ എടുക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഇന്ന് രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് രണ്ടാം ഘട്ട വാക്‌സിനേഷന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്. തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനേഷന്‍ സൗകര്യമുണ്ടാവും. പൊതുജനങ്ങള്‍ക്ക് കൊവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും വാക്‌സിനേഷനായി നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കണം. ഒരു മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ പരമാവധി നാല് ഗുണഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം