Thursday, 23rd January 2025
January 23, 2025

ഡൽഹിയിൽ പൊലീസ് – അഭിഭാഷക സംഘർഷത്തിന് അയവില്ല

  • November 7, 2019 3:00 pm

  • 0

പ്രതിഷേധത്തിനു ശേഷം ഡൽഹി പൊലീസ് അംഗങ്ങൾ ജോലിയിൽ പ്രവേശിച്ചെങ്കിലും അഭിഭാഷകരുടെ കോടതി ബഹിഷ്കരണം തുടരുകയാണ്.ഡൽഹിയിലെ 6 ജില്ലാ കോടതികളും തുടർച്ചയായ മൂന്നാം ദിവസവും അഭിഭാഷകർ ബഹിഷ്കരിച്ചു. 2 അഭിഭാഷകർ ആത്മഹത്യാ ഭീഷണി മുഴക്കിയതും ആശങ്കയുയർത്തി.

തീസ്ഹസാരി കോടതി വളപ്പിൽ സംഘർഷത്തിലുൾപ്പെട്ട പൊലീസുകാർക്കെതിരെയും കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ആവശ്യം.

പട്യാല ഹൗസ്, സാകേത് കോടതികളുടെ പ്രധാന ഗേറ്റ് അഭിഭാഷകർ പൂട്ടി. ഹർജിക്കാരെ അകത്തുകയറാൻ അനുവദിച്ചില്ല. രോഹിണി ജില്ലാ കോടതിയിൽ ഒരാൾ ദേഹത്തു മണ്ണെണ്ണയൊഴിച്ചും മറ്റൊരാൾ കോടതി കെട്ടിടത്തിനു മുകളിൽ കയറിയുമാണു ജീവനൊടുക്കുമെന്നു ഭീഷണി മുഴക്കിയത്. പ്രശ്നങ്ങൾ ആരംഭിച്ച തീസ് ഹസാരി കോടതിയിലും അഭിഭാഷകർ പ്രതിഷേധിച്ചു. കട്കട്ഡുമ കോടതിയിലെ അഭിഭാഷകർ, താൽക്കാലിക ചായക്കടയുണ്ടാക്കി പൊലീസുകാരെ ഉൾപ്പെടെ ചായയ്ക്കു ക്ഷണിച്ചാണ് പ്രതിഷേധിച്ചത്.

സുരക്ഷാ കാരണങ്ങളാലാണു കക്ഷികളെ അകത്തുകയറ്റാത്തതെന്നാണു അഭിഭാഷകരുടെ വിശദീകരണം. പൊലീസുകാർ കോടതിയിലെത്താത്തതിനാൽ സുരക്ഷാ പരിശോധനയ്ക്ക് ആളില്ലെന്നും ഇവർ പറയുന്നു. ബഹിഷ്കരണം അവസാനിപ്പിക്കണമെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഹ്വാനവും അഭിഭാഷകർ ഗൗനിച്ചിട്ടില്ല. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിനു പിന്നാലെ ഡൽഹി പൊലീസ് മേധാവി അമൂല്യ പട്നായിക്കും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ലഫ്. ഗവർണർ അനിൽ ബൈജലുമായി കൂടിക്കാഴ്ച നടത്തി.