
മാന്നാര്‍ തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രധാന പ്രതി പിടിയില്‍
February 26, 2021 10:12 am
0
മാന്നാര്‍ തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രധാന പ്രതി പിടിയില്‍. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച മാരുതി ബലേനോ കാറും പിടിച്ചെടുത്തു.
ആലപ്പുഴ മാന്നാര്‍ സ്വദേശിനി ബിന്ദുവിനെയാണ് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. ഈ മാസം 19 നാണ് ബിന്ദു ദുബൈയില്‍ നിന്നും അവസാനമായി മടങ്ങിയെത്തിയത്. അന്ന് ഒന്നരക്കിലോ സ്വര്‍ണം ഗള്‍ഫില്‍ നിന്നും കടത്തി. എന്നാലിത് എയര്‍പോര്‍ട്ടില്‍ തന്നെ ഉപേക്ഷിച്ചെന്നാണ് ബിന്ദു പൊലീസിന് നല്‍കിയ മൊഴി. അന്ന് വൈകിട്ട് തന്നെ വീട്ടിലെത്തിയ സ്വര്‍ണക്കടത്ത് സംഘത്തോട് സ്വര്‍ണം ഉപേക്ഷിച്ച വിവരം പറഞ്ഞു. ഇവര്‍ മടങ്ങിയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ വീടാക്രമിച്ച് ബിന്ദുവിനെ കടത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോയതില്‍ പ്രാദേശിക സഹായം ലഭിച്ചതായും പോലീസിന് വിവരമുണ്ട്.
പൊലീസ്, അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ ഉപേക്ഷിച്ചശേഷം സംഘം കടന്നുകളഞ്ഞു. തുടര്‍ന്ന് മാന്നാറിലെത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്ത് കണ്ണിയെന്ന് യുവതി സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്.