
കൊട്ടിയത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ റംസി കേസ് അന്വേഷണം നിലച്ചു.
February 22, 2021 4:18 pm
0
കൊല്ലം: കൊട്ടിയത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ റംസി കേസ് അന്വേഷണം നിലച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതും വെറുതെയായി. കഴിഞ്ഞ സെപ്തംബര്‍ മൂന്നിനാണ് വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെയും നദീറയുടെയും മകള്‍ റംസിയെ (24) മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന് പള്ളിമുക്ക് സ്വദേശി ഹാരിസ് മുഹമ്മദ് പിന്മാറിയതിനെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
കേസ് അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനാല്‍ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയത്. പിന്നീട് ഹാരിസിനെ അറസ്റ്റ് ചെയ്തെങ്കിലും തുടരന്വേഷണം നിലച്ച മട്ടാണ്. ഇതിനിടെ ഹാരിസുമായും ഉമ്മയുമായും റംസി നടത്തിയ അവസാന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഹാരിസിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. റംസിയുടെ ബന്ധുക്കള്‍ പിന്നീട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.
അന്വേഷണ ചുമതലയുണ്ടായിരുന്ന ക്രൈം ബ്രാഞ്ച് എസ്.പി സര്‍വ്വീസില്‍ നിന്ന് വിരമിച്ചതോടെ അന്വേഷണവും നിലച്ചു. റംസിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് ഹാരിസിന്റെ മാതാവാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തുവന്നിരുന്നു. അന്വേഷണം അട്ടിമറിക്കാന്‍ ഭരണസ്വാധീനം ഉപയോഗിക്കുന്നുണ്ടെന്നും അന്ന് ആക്ഷന്‍കൗണ്‍സില്‍ ആരോപിച്ചിരുന്നു. എന്നാലിപ്പോള്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനവും നിലച്ചമട്ടിലാണ്.
സീരിയല്‍ നടിയുടെ ബന്ധം
ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദുമായി റംസിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം ഷൂട്ടിംഗ് സെറ്റുകളില്‍ റംസി പോയിരുന്നു. ഹാരിസുമായുള്ള ബന്ധത്തില്‍ റംസി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്തിയിരുന്നു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി റംസിക്ക് ഗര്‍ഭഛിദ്രം നടത്തിയതിന് മുന്നിട്ടിറങ്ങിയത് ലക്ഷ്മിയാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ക്രൈം ബ്രാഞ്ച് ഇവരെയും ചോദ്യം ചെയ്തിരുന്നു. ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ്, ഭര്‍ത്തൃമാതാവ് എന്നിവരെയും കേസില്‍ പ്രതികളാക്കി. ഇവര്‍ക്ക് ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ക്രൈംബ്രാഞ്ച് അതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയില്‍ തുടരുകയും ചെയ്യുന്നതാണ് നിലവിലെ സ്ഥിതി. നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റംസിയുടെ കുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതാണ് കേസിന്റെ നിലവിലെ സ്ഥിതി.
നാള്‍വഴികള്‍
1. പഠനകാലം മുതല്‍ റംസിയും ഹാരിസും തമ്മില്‍ പ്രണയത്തിലായിരുന്നു
2. ഇരുവരുടെയും ബന്ധം മനസിലാക്കിയ വീട്ടുകാര്‍ ഹാരിസിന് ജോലി കിട്ടുന്ന മുറയ്ക്ക് വിവാഹം നടത്താമെന്ന് നിശ്ചയിച്ചു
3. 2019 ല്‍ വളയിടല്‍ ചടങ്ങ് നടത്തി
4. ഇതിനിടെ മറ്റൊരാലോചന വന്നതോടെ ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറി
5. മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു റംസി
6. ഹാരിസുമായി ഒടുവില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ച ശേഷം വാട്ട്സ് ആപ്പ് വഴി ചിത്രം ഹാരിസിന് അയച്ചു
7. പിന്നീട് ഹാരിസിന്റെ മാതാവിനെ വിളിച്ച് സംസാരിച്ച ശേഷം റംസി ആത്മഹത്യ ചെയ്യുകയായിരുന്നു