ഇ മെയിലും ഫേസ്ബുകും ഇല്ലാതിരുന്ന കാലത്ത് ആരാധകര്‍ക്ക് അയച്ചുകൊടുത്തിരുന്ന ഫോടോ പങ്കുവച്ച് ബാബു ആന്റണി
February 22, 2021 3:38 pm
0
കൊച്ചി: ഒരു കാലത്ത് മലയാള സിനിമയില്‍ വില്ലനായിട്ടും നടനായിട്ടും തിളങ്ങിയ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച താരം അക്കാലത്ത് ഉണ്ടായിരുന്നില്ല. ഒന്നിന് പിറകെ ഒന്നായി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു ബാബു ആന്റണി.
നായകന്റെ കൂടെ ബാബു ആന്റണി ഉണ്ടെന്ന് അറിഞ്ഞാല്‍ തന്നെ ആവേശം കൊള്ളുമായിരുന്നു അന്നത്തെ തലമുറ. ഒമര്‍ ലുലു ചിത്രമായ പവര്‍ സ്റ്റാറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബാബു ആന്റണി ഇപ്പോള്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ അദ്ദേഹം പങ്കുവച്ചൊരു ചിത്രവും കുറിപ്പുമാണ് ആരാധാകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘പണ്ട് ഇമെയിലും ഫേസ്ബുകും ഒന്നും ഇല്ലാത്ത കാലം. ഞാന്‍ ബാംഗളൂരില്‍ താമസിക്കുന്ന സമയം. ആയിരക്കണക്കിന് ഫാന്‍ മെയില്‍ പോസ്റ്റില്‍ വരുമായിരുന്നു. എല്ലാവരുടെയും ആവശ്യം കൈയൊപ്പിട്ട ഫോടോ ആയിരുന്നു. ഞാന്‍ അന്നയച്ചു കൊടിത്തുകൊണ്ടിരുന്ന ഒരു ഫോടോ ആണിത്. ഒരു കൗതുകം തോന്നിയത് കൊണ്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു‘, എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
ബാബു ആന്‍റണി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ ‘പവര്‍ സ്റ്റാര്‍‘. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊകെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍കോട്, കൊച്ചി എന്നിവയാണ് ലൊകേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്.