Wednesday, 30th April 2025
April 30, 2025

അതിര്‍ത്തികള്‍ വീണ്ടുമടച്ച്‌ കര്‍ണാടകം, കേരളത്തില്‍ നിന്നുളളവര്‍ക്ക് കര്‍ശന നിയന്ത്രണം

  • February 22, 2021 11:13 am

  • 0

ബംഗളൂരു: കേരളവുമായുളള അതിര്‍ത്തികള്‍ കര്‍ണാടക വീണ്ടും അടച്ചു. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ നടപടി. കാസര്‍കോട് ജില്ലയില്‍ അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴികെ ചെറുറോഡുകള്‍ ഉള്‍പ്പടെ അടച്ചിട്ടുണ്ട്. ഇതുവഴി കാല്‍നടയാത്രപോലും വിലക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടമാണ് അതിര്‍ത്തകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്.

വയനാട് ബാവലി ചെക്ക്പോസ്റ്റില്‍ കേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. ഇവിടെ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പടെ കര്‍ണാടക അധികൃതര്‍ തടയുകയായിരുന്നു. ഇതോടെ കേരളത്തിലേക്ക് വന്ന കര്‍ണാടക വാഹനങ്ങള്‍ യാത്രക്കാരും തടഞ്ഞുപ്രശ്നം വഷളായതോടെ പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊലീസും ചേര്‍ന്നു ചര്‍ച്ച നടത്തി കര്‍ശന ഉപാധികളോടെ വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, വയനാട് കര്‍ണാടക അതിര്‍ത്തിയിലെ മറ്റ് ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടില്ല.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ ഇനിമുതല്‍ അതിര്‍ത്തികടക്കാന്‍ അനുവദിക്കില്ല. അവശ്യ സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ 15 ദിവസം കൂടുമ്ബോള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരം വാഹനങ്ങളുടെ വിവരങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ രജിസ്റ്റര്‍ ചെയ്തശേഷമാണ് കടത്തിവിടുന്നത്. ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്ക് നിയന്ത്രണമില്ല.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിലും കര്‍ണാടക കേരളവുമായുളള അതിര്‍ത്തികള്‍ അടച്ചിരുന്നു. ആംബുലന്‍സുകള്‍ പോലും കടത്തിവിടാന്‍ തയ്യാറായിരുന്നില്ല. കാസര്‍കോട് ജില്ലയിലെ നിരവധിപേരാണ് മതിയായ ചികിത്സ കിട്ടാതെ മരിച്ചത്.