Wednesday, 30th April 2025
April 30, 2025

കേരള തീരത്ത് മത്സ്യബന്ധനത്തിന് യു.എസ്‌ കമ്ബനി, ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി ചെന്നിത്തല

  • February 19, 2021 11:24 am

  • 0

ആലപ്പുഴ: കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്ബനിയായ ഇ.എം.സി.സി.ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

5,000 കോടിയുടെ കരാറുണ്ടാക്കിയെന്നും നടപടിക്ക് പിന്നില്‍ വന്‍ അഴിമതിയെന്നും ചെന്നിത്തല ആരോപിച്ചു.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വന്‍കിട അമേരിക്കന്‍ കുത്തക കമ്ബനിക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാരും ഇ.എം.സി.സി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞയാഴ്ച ധാരണാപത്രത്തില്‍ ഒപ്പിട്ടുകരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും മത്സ്യബന്ധനം നടത്തും.

സ്പ്രീംഗ്‌ളര്‍, മൊബിലിറ്റി അഴിമതികളേക്കാള്‍ ഗുരുതരമായ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കരാര്‍ ഒപ്പിടും മുമ്ബ് എല്‍.ഡി.എഫിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വന്‍കിട കുത്തക കമ്ബനികളുമായി വലിയ ഗൂഡാലോചനയാണ് നടത്തിയത്.

ഈ ഗൂഡാലോചനയ്ക്ക് നേതൃത്വം കൊടുക്കുന്നത് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണെന്നും ചെന്നിത്തല ആരോപിച്ചു.