ഷുഹൈബ് വധം; സിബിഐക്കു വിടാതിരിക്കാൻ സർക്കാർ ചെലവിട്ടത് 34 ലക്ഷം
November 7, 2019 9:49 am
0
കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കണ്ണൂരിൽ സിപിഎം അക്രമത്തിൽ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കേണ്ടതില്ലെന്നു വാദിക്കാൻ സംസ്ഥാന സർക്കാർ ചെലവിട്ടത് 34 ലക്ഷം രൂപ! ഒരു കേസിൽ ഈ സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന അഭിഭാഷക ഫീസ് ആണിത്.
ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതിനെ എതിർക്കാനാണു വിജയ് ഹൻസാരിയ, അമരേന്ദ്ര ശരൺ എന്നീ അഭിഭാഷകരെ പുറത്തുനിന്നു കൊണ്ടുവന്നത്. വിജയ് ഹൻസാരിയയ്ക്ക് 12.2 ലക്ഷം രൂപ നൽകി. അമരേന്ദ്ര ശരണിന് അനുവദിച്ച 22 ലക്ഷം രൂപ കൈമാറിയിട്ടില്ല.
സർക്കാർ ഏറ്റവും കൂടുതൽ തുക ചെലവാക്കിയ കേസ് ഏതെന്ന സണ്ണി ജോസഫിന്റെ ചോദ്യത്തിനാണു നിയമസഭയിൽ മന്ത്രി എ.കെ. ബാലൻ രേഖാമൂലം മറുപടി നൽകിയത്. എന്നാൽ ഇതിൽ ഷുഹൈബിന്റെ പേര് ഒഴിവാക്കി. കേസ് നമ്പർ അല്ലാതെ മറ്റു വിശദാംശങ്ങൾ മറുപടിയിൽ വ്യക്തമാക്കിയില്ല. വാദിഭാഗത്തിനൊപ്പം നിൽക്കേണ്ട സർക്കാർ പ്രതിഭാഗം ചേർന്നു നികുതിപ്പണം കൊള്ളയടിക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു.