വിവാദമായി ചീഫ് സെക്രട്ടറിയുടെ ലേഖനം
November 6, 2019 8:00 pm
0
മാവോയിസ്റ്റുകൾക്കു മനുഷ്യാവകാശത്തിന് അർഹതയില്ലെന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം വിവാദത്തിൽ. നിയമസഭാ സമ്മേളനം നടക്കവെ അനുമതിയില്ലാതെ ചീഫ് സെക്രട്ടറി ലേഖനമെഴുതിയതിനെ പ്രതിപക്ഷവും ഭരണമുന്നണിയിലെ ഘടകകക്ഷിയായ സിപിഐയും രൂക്ഷമായി വിമർശിച്ചു.
ചീഫ് സെക്രട്ടറിക്കെതിരെ കടുത്ത ഭാഷയിലാണു സിപിഐ പ്രതികരിച്ചത്. പൊലീസ് നടപടിക്കെതിരെ മജിസ്റ്റീരിയൽ അന്വേഷണമാവശ്യപ്പെട്ടു പാർട്ടി പ്രതിനിധി സംഘം റിപ്പോർട്ട് സമർപ്പിച്ച ഇന്നലെത്തന്നെ ലേഖനം പ്രസിദ്ധീകരിച്ചതു തങ്ങളെ ഒതുക്കാനാണെന്നാണു സിപിഐയുടെ വിലയിരുത്തൽ. സഭ സമ്മേളിക്കവെ സർക്കാർ അനുമതി പോലും വാങ്ങാതെയുള്ള ലേഖനമെഴുത്ത് തങ്ങളുടെ ആവശ്യം അട്ടിമറിക്കാനുള്ള ഉന്നതതല ഗൂഢാലോചനയെന്നും അവർ സംശയിക്കുന്നു.
സിപിഎം മുഖപത്രത്തിലും ഇന്നലെത്തന്നെ സിപിഐയെ വിമർശിച്ചു മുഖപ്രസംഗം വന്നതും അവരുടെ സംശയത്തെ ബലപ്പെടുത്തുന്നു. മാവോയിസ്റ്റ് വിഷയത്തിൽ കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പു മാത്രമാണെന്നാണു ദേശാഭിമാനിയിലെ വിമർശനം. 2016ൽ മാവോയിസ്റ്റ് നേതാവ് കുപ്പുരാജ് കൊല്ലപ്പെട്ടപ്പോഴും വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണമുയർന്നെന്നും അതു സത്യമല്ലെന്നു പിന്നീടു തെളിഞ്ഞെന്നും ഇതിൽ പറയുന്നു.