Wednesday, 30th April 2025
April 30, 2025

മേജര്‍ രവി കോണ്‍ഗ്രസ്സിലേക്ക്

  • February 12, 2021 11:03 am

  • 0

ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസ്സിലേക്ക്. ഐക്യ കേരള യാത്രയില്‍ തൃപ്പുണിത്തുറയില്‍ വെച്ച്‌ രമേശ്‌ ചെന്നിത്തല ക്കൊപ്പം വേദി പങ്കിടും. നേരത്തെ ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മേജര്‍ രവി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്നു. പക്ഷേ, പിന്നീട് സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മേജര്‍ രവി രംഗത്തെത്തിയിരുന്നു. സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാന്‍ പോലും വിളിച്ചില്ലെന്നും മേജര്‍ രവി പറഞ്ഞിരുന്നു.

ഇവിടത്തെ നേതാക്കന്മാര്‍ക്ക് മസില്‍ പിടിച്ചു നടക്കാന്‍ മാത്രം കഴിയുകയുള്ളൂവെന്നും, രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നും മേജര്‍ രവി ആരോപണമുന്നയിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.