കളി തോല്‍ക്കാന്‍ കാരണം എസ്ജി ബോള്‍!
February 10, 2021 3:05 pm
0
ചെന്നൈയില്‍ ഇംഗ്ലണ്ടിനോട് നേരിട്ട തോല്‍വി ടീം ഇന്ത്യയുടെ ആത്മവിശ്വാസത്തെ തെല്ലൊന്നുമല്ല അലട്ടിയത്. ഒന്നാം ദിവസം മുതല്‍ മത്സരത്തില്‍സമ്ബൂര്‍ണ ആധിപത്യം സ്ഥാപിച്ച ജോ റൂട്ടിനും സംഘത്തിനും മേല്‍ അല്‍പമെങ്കിലും പിടിച്ചുനിന്ന് ആശ്വാസം കണ്ടെത്തിയത് ബാറ്റുകൊണ്ട് റിഷഭ് പന്തും വാഷിങ്ടണ്‍ സുന്ദറും ബോളുകൊണ്ട് രവിചന്ദ്രന്‍ അശ്വിനുമായിരുന്നു.
കളിയോ തോറ്റു. ഇനി അതിന്റെ കാരണം കണ്ടെത്തുകയെന്നത് അടുത്ത ടെസ്റ്റിനുള്ള ഒരു മുന്നൊരുക്കം കൂടിയാണ്. കളി തോല്‍പ്പിച്ചത് ബോള്‍ ആണോ?
ഏതായാലും ടെസ്റ്റിന് ഉപയോഗിച്ച എസ്ജി പന്തുകളുടെ ഗുണനിലവാരത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും രവിചന്ദ്രന്‍ അശ്വിനും. ഗുണനിലവാരമില്ലാത്ത പന്തിന്റെ അവസ്ഥയെ കുറിച്ച് ഓണ്‍–ഫീല്‍ഡ് അമ്ബയര്‍മാരായ നിതിന്‍ മേനോന്‍, അനില്‍ ചൗധരി എന്നിവരോട് കോഹ്ലി പരാതിപ്പെട്ടിരുന്നു. അഭ്യര്‍ഥന മാനിച്ചില്ല.
‘പന്തിന്റെ ഗുണനിലവാരത്തില്‍ ഞങ്ങള്‍ ഒട്ടും സംതൃപ്തരായിരുന്നില്ല. 60 ഓവര്‍ പിന്നിടുമ്ബോഴേക്കും പന്തിന്റെ ഗുണം പൂര്‍ണമായി നഷ്ടപ്പെടും‘-ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് നേരിട്ട 227 റണ്‍സിന്റെ തോല്‍വിക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.
ഇത് ഒരു ഒഴികഴിവല്ലെന്ന് സമ്മതിക്കുന്നുണ്ട് കോഹ്ലി. ഇംഗ്ലണ്ട് മികച്ച ക്രിക്കറ്റ് കളിച്ചുവെന്നും അവര്‍ വിജയത്തിന് അര്‍ഹരാണെന്നും കോഹ്ലി പറയുന്നു. പക്ഷെ പന്തിന്റെ ഗുണനിലവാരമില്ലായ്മ അതുകൊണ്ട് പറയാതിരിക്കാന്‍ കഴിയില്ലെന്നാണ് കോഹ്ലിയുടെ വാദം.
മീററ്റ് ആസ്ഥാനമായുള്ള സാന്‍സ്പാരൈല്‍സ് ഗ്രീന്‍ലാന്‍ഡ്‌സ് (എസ്ജി) സീരീസിനായി പുതിയ പന്തുകള്‍ നല്‍കിയിരുന്നു. മികച്ച സീം, ഇരുണ്ട നിറം, കടുപ്പമുള്ള കോര്‍ക്ക് എന്നിവ ഉപയോഗിച്ചാണ് പന്ത് നിര്‍മിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കളിക്കാരുടെ അനുഭവം വ്യത്യസ്തമാണ്.
ടെസ്റ്റില്‍ ഒമ്ബത് വിക്കറ്റ് നേടിയ അശ്വിന്‍ തന്നെയാണ് പന്തിന്റെ ഗുണനിലവാരമില്ലായ്‌മെയെ കുറിച്ച് ആദ്യം പറഞ്ഞത്. കീറിപ്പറിഞ്ഞ പന്തുകള്‍ ഒരു കളിക്കാരനും ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സീം ഇതുപോലെ കീറിപ്പറിഞ്ഞ ഒരു ബോള്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ആദ്യ രണ്ട് ദിവസങ്ങളില്‍ പിച്ച് എത്ര കഠിനമായിരുന്നു എന്ന് ഓര്‍ക്കണം. രണ്ടാം ഇന്നിങ്‌സില്‍ 35-40 ഓവറിന് ശേഷം തന്നെ സീം തൊലി പൊളിഞ്ഞിരുന്നു. ഇത് വിചിത്രമാണ് –അശ്വിന്‍ പന്തിനെ വിലയിരുത്തിയത് ഇങ്ങനെയായിരുന്നു.
എസ്ജി ബോളുകള്‍ ഇതുപോലെയാകുന്നത് കരിയറില്‍ ഉടനീളം കണ്ടിട്ടില്ലെന്നാണ് അശ്വിന്‍ അഭിപ്രായപ്പെട്ടത്. പന്ത് ഇങ്ങനെയാവാന്‍ കാരണം പിച്ച് ആണോ എന്ന് വ്യക്തമല്ലെന്ന് കൂടി അശ്വിന്‍ പറയുന്നു. പരമ്ബരയിലെ മറ്റ് മത്സരങ്ങള്‍ കൂടി നടക്കുമ്ബോഴെ പന്തിന്റെ ഗുണനിലവാരത്തെ പറ്റി വ്യക്തമായ നിഗമനത്തില്‍ എത്താന്‍ കഴിയുകയുള്ളൂ.