സണ്ണി ലിയോണിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
February 10, 2021 2:01 pm
0
തിരുവനന്തപുരം: പണം വാങ്ങി വഞ്ചിച്ചുവെന്ന കേസില്‍ പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. സണ്ണി ലിയോണ്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. അതേ സമയം, ക്രൈബ്രാഞ്ചിന് സണ്ണി ലിയോണിനെ വീണ്ടും ചോദ്യംചെയ്യാമെന്നും ഹൈകോടതി പറഞ്ഞു.
അതേസമയം, സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. പരാതിക്കാരനായ പെരുമ്ബാവൂര്‍ സ്വദേശി ഷിയാസിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും ചോദ്യം ചെയ്യുക. ഇതേ കേസില്‍ സണ്ണി ലിയോണിനെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റിയതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യല്‍.
കൊച്ചിയില്‍ വിവിധ ഉല്‍ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്‌ത് തന്റെ കയ്യില്‍ നിന്നും 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ 2016 മുതലാണ് കൊച്ചിയിലെ വിവിധ വസ്‌ത്ര വ്യാപാര സ്ഥാപനങ്ങളിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി 29 ലക്ഷം രൂപ സണ്ണി ലിയോണ്‍ തട്ടിയെടുത്തതെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരം പൂവാറില്‍ എത്തിയാണ് സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തത്. ഷൂട്ടിങ് ആവശ്യത്തിനാണ് താരം പൂവാറില്‍ എത്തിയത്. പണം വാങ്ങിയെന്ന കാര്യം നടി സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സംഘാടകരുടെ പിഴവ് മൂലമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതെന്നും ഇനിയും പങ്കെടുക്കാന്‍ തയാറാണെന്നും താരം വ്യക്തമാക്കിയിരുന്നു. കേസില്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും ഇവരുടെ മാനേജരും അടക്കം മൂന്ന് പേരാണ് ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.