
പാര്‍ട്ടി പറഞ്ഞാല്‍ തോല്‍ക്കുന്ന മണ്ഡലത്തിലും മത്സരിക്കാന്‍ തയാര്‍ -ധര്മജന്
February 10, 2021 12:51 pm
0
ബാലുശ്ശേരി: പാര്‍ട്ടി പറഞ്ഞാല്‍ തോല്ക്കുന്നതായാലും ജയിക്കുന്നതായാലും പോരാടാന്‍ പറ്റുന്ന ഏതു മണ്ഡലത്തിലും മത്സരിക്കാന്‍ തയാറാണെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് മനോജ് കുന്നോത്ത് നടത്തുന്ന ഉപവാസ സത്യഗ്രഹസമരത്തില്‍ പങ്കെടുക്കാനെത്തിയ ധര്മജന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സ്വന്തം നാടായ വൈപ്പിന്‍, കുന്നത്തുനാട്, കോങ്ങാട് എന്നിവിടങ്ങളിലെല്ലാം എെന്റ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ഇതില്‍ ബാലുശ്ശേരിയിലാണ് തനിക്കിഷ്ടം. എെന്റ ഇഷ്ടമോ, ബാലുശ്ശേരിയിലെ മണ്ഡലം കോണ്‍ഗ്രസ് നേതാക്കളോ ഡി.സി.സിയോ പറഞ്ഞിട്ട് കാര്യമില്ല. അത് എ.ഐ.സി.സി ചുമതലപ്പെടുത്തിയവരാണ് തീരുമാനിക്കേണ്ടത്. ഞാന്‍ ഇവിടെ വന്നത് സ്ഥാനാര്‍ഥിയാകുമെന്ന സൂചന കിട്ടിയിട്ടൊന്നുമല്ല.
അങ്ങനെയുള്ള സൂചനകളൊന്നും കോണ്‍ഗ്രസ് പാര്‍ട്ടിയിലില്ല. ഏറ്റവും അവസാനം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി പറഞ്ഞുകേള്‍ക്കുന്ന പല പേരുകളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍.
അതാകട്ടെ സിനിമാനടനായതുകൊണ്ടായിരിക്കാം. അണികളേക്കാള്‍ നേതാക്കളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാവരും സ്ഥാനാര്‍ഥികളാകാന്‍ പരിഗണിക്കപ്പെടേണ്ടവരുമാണ്. ആരെയും തള്ളിക്കളയാന്‍ പറ്റില്ലെന്നും ധര്മജന് ബോള്‍ഗാട്ടി പറഞ്ഞു.
നാലു പതിറ്റാണ്ടായി ഇടതുമുന്നണി ജയിക്കുന്ന ബാലുശ്ശേരിയില്‍ ജയസാധ്യതയുണ്ടാകുമോ എന്ന ചോദ്യത്തിന് അതിന് മാറ്റമുണ്ടാകണമെന്ന് ധര്മജന് പറഞ്ഞു.
ഒരു പാര്‍ട്ടിതന്നെ തുടര്‍ച്ചയായി ജയിച്ചിട്ടും ഇവിടെ ഒരു വികസനവുമില്ല. ഒട്ടേറെ ടൂറിസം സാധ്യതകളുണ്ടായിട്ടും വേണ്ടത്ര വികസനം ഈ മേഖലയില്‍ ഉണ്ടായിട്ടില്ലെന്നും ധര്മജന് പറഞ്ഞു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളോടൊപ്പം നാടക-രാഷ്ട്രീയ രംഗത്തെ മുതിര്‍ന്ന ആളുകളുടെ വീടുകളും ധര്മജന് സന്ദര്‍ശിച്ചു.