ഓസ്കാറില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശയുടെ നിമിഷം; ‘ജല്ലിക്കെട്ട്’ പുറത്ത്
February 10, 2021 10:56 am
0
ഇക്കുറിയും ഓസ്കാര്‍ മത്സരത്തില്‍ പ്രതീക്ഷയറ്റ് ഇന്ത്യ. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ പ്രതിനിധിയായിരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്‘ പുറത്തായി. അവസാന പട്ടികയിലേയ്ക്ക് 15 വിദേശഭാഷാ ചിത്രങ്ങളാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് തിരഞ്ഞെടുത്തത്. ഇതില്‍ ജല്ലിക്കെട്ട് ഇല്ല.
മുന്‍ വര്‍ഷങ്ങളില്‍ ഗള്ളി ബോയ്(2019), വില്ലേജ് റോക്ക്സ്റ്റാര്‍സ്(2018), ന്യൂട്ടണ്‍(2017) എന്നീ ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് വെട്ടിമാറ്റപ്പെട്ടിരുന്നു. ജല്ലിക്കെട്ട് പുറത്തായതോടെ ഒരിക്കല്‍ കൂടി ഇന്ത്യ നിരാശയുടെ നിമിഷത്തിലെത്തിയിരിക്കുകയാണ്.
അതേസമയം, കരിഷ്മ ദേവ് ദുബേ സംവിധാനം ചെയ്ത ബിട്ടു 93-ാമത് അക്കാദമി അവാര്‍ഡിനായുള്ള ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു.
ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ് എഫ് ഐ) 14 അംഗ സമിതിയായിരുന്നു ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയത്. സംവിധായകന്‍ രാഹുല്‍ രവൈല്‍ അധ്യക്ഷത വഹിച്ച കമ്മിറ്റിയില്‍ അഭിഷേക് ഷാ, അതാണു ഘോഷ്, സി ഉമാമഹേശ്വരറാവു, ജയേഷ് മോര്‍, കലൈപ്പുലി എസ് താണു, നീരജ് ഷാ, നിരവ് ഷാ, പി ശേഷാദ്രി, പ്രഭുദ്ധ ബാനെര്‍ജീ, ശര്‍ബാണി ദാസ്, സത്രൂപ സന്യാല്‍, ശ്രീനിവാസ് ഭാനഗെ, വിജയ് കൊച്ചിക്കര്‍ എന്നിവരായിരുന്നു മറ്റു അംഗങ്ങള്‍.
93-ാമത് ഓസ്കാര്‍ പുരസ്കാരങ്ങള്‍ 2021 ഏപ്രില്‍ 25ന് പ്രഖ്യാപിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരിയില്‍ നടക്കേണ്ടിയിരുന്ന പുരസ്കാരപ്രഖ്യാപനം ഏപ്രില്‍ മാസത്തേക്ക് നീട്ടുകയായിരുന്നു.
എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്‘ എന്ന കഥയെ അടിസ്ഥാനമാക്കിയ ജല്ലിക്കട്ടിന്റെ തിരക്കഥ രചിച്ചത് എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ആന്റണി വര്‍ഗീസ് പെപ്പെ, ചെമ്ബന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജല്ലിക്കട്ട്‘ നിരവധി വിദേശ ചലച്ചിത്രമേളകളിലും മികച്ച പ്രതികരണങ്ങള്‍ ചിത്രം നേടിയിരുന്നു.