Wednesday, 30th April 2025
April 30, 2025

പ്രശസ്ത ഗായകന്‍ എം എസ്‌ നസീം അന്തരിച്ചു

  • February 10, 2021 10:19 am

  • 0

തിരുവനന്തപുരം: പ്രശസ്ത ഗായകന്‍ എം. എസ് നസീം (M.S.Naseem) അന്തരിച്ചു. പക്ഷാഘാതം ബാധിച്ച്‌ ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 10 വര്‍ഷമായി പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ ആയിരുന്നു അദ്ദേഹം.

വളരെ ചെറുപ്പത്തില്‍ തന്നെ സംഗീത ലോകത്തേയ്ക്ക് കടന്നുവന്ന നസീം (MS Naseem) മൂവായിരത്തിലേറെ ഗാനമേളകളാണ് ഇതുവരെ ഇന്ത്യയിലും പുറത്തുമായി അവതരിപ്പിച്ചത്. കൂടാതെ നാടകങ്ങളിലെ ശ്രേദ്ധേയനായ ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം. നിരവധി സിനിമകളിലും നസീം പാടിയിട്ടുണ്ട്.

ആകാശവാണിയിലേയും ദൂരദര്‍ശനിലേയും (Doordarshan) സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഗായകനായി മാത്രം ഒതുങ്ങാതെ സിനിമ, നാടക, ലളിത, ഗസല്‍ സംഗീതചരിത്രത്തെ കുറിച്ച്‌ പഠിക്കുവാനും അത് ഭാവി തലമുറയ്ക്കായി രേഖപ്പെടുത്തുവാനും അദ്ദേഹം നല്ല രീതിയില്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹം കഴക്കൂട്ടത്തെ തന്റെ മേടയില്‍ വീട് ഒരു സംഗീത മ്യൂസിയമാക്കി മാറ്റുകയും ചെയ്തിരുന്നു.

ദൂരദര്‍ശന്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത ആദ്യ സംഗീത പരമ്ബരയായ ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരിഎന്ന ഡോക്യുമെന്ററിയുടെ അമരക്കാരനായിരുന്നു അദ്ദേഹം. നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത നസീമിന്റെ മിഴാവ്എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 1997ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം (Sangeetha Nataka Academy Award), നാലുതവണ സംസ്ഥാന സര്‍ക്കാരിന്റെ ടിവി അവാര്‍ഡ്, 2001ല്‍ കുവൈത്തിലെ സ്മൃതി എ എം രാജ പുരസ്‌കാരം, 2001ല്‍ സോളാര്‍ ഫിലിം സൊസൈറ്റി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുള്ള അതുല്യനായ കലാപ്രതിഭയായിരുന്നു എംഎസ് നസീം.

എം., ബി.എഡ്കാരനായ നസീം 27 വര്‍ഷം കെഎസ്‌ഇബിയില്‍ (KSEB) പ്രവര്‍ത്തിച്ചിരുന്നു. ശേഷം 2003ല്‍ സൂപ്രണ്ടായിരിക്കെ സ്വയം വിരമിച്ച്‌ മുഴുസമയ സംഗീത പ്രവര്‍ത്തകനായി മാറുകയായിരുന്നു. നസീമിന്റെ മരണത്തില്‍ സാംസ്ക്കാരിക മന്ത്രി എകെ ബാലന്‍ അനുശോചനമറിയിച്ചിട്ടുണ്ട്.