
കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ചു കടത്തി; വിചിത്രമായ മോഷണകഥ കൊട്ടാരക്കര ഡിപ്പോയില്‍
February 8, 2021 12:36 pm
0
കൊല്ലം: കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്‌ആര്‍ടിസി ബസ് കാണാതെ പോയത് ആശങ്ക പരത്തി. ആര്‍ എ സി 354 എന്ന വേണാട് ഓര്‍ഡിനറി ബസാണ് ഇന്നു രാവിലെ മുതല്‍ കാണാതായത്. ബസ് പിന്നീട് 11.30ഓടെ പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി.
കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് സമീപം ദേശീയപാതയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ബസ്. ഇന്ന് രാവിലെ ബസ് എടുക്കാനായി ഡ്രൈവര്‍ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് കൊട്ടാരക്കര കെ എസ് ആര്‍ ടി സി ഡിപ്പോ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സാമൂഹ്യവിരുദ്ധരോ, പ്രൈവറ്റ് ബസ് ജീവനക്കാരോ ആയിരിക്കാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കെ എസ് ആര്‍ ടി സി അധികൃതര്‍ പറയുന്നു. കൊട്ടാരക്കര ഡിപ്പോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അവര്‍ പറഞ്ഞു. സ്ഥലക്കുറവ് കാരണം സര്‍വീസ് പൂര്‍ത്തിയാക്കി എത്തുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ രാത്രിയില്‍ ദേശീയപാതയുടെ വശങ്ങളിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസാണ് തട്ടിക്കൊണ്ടുപോയത്.
അതേസമയം പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊട്ടാരക്കര–പാരിപ്പള്ളി റൂട്ടിലെ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബസ് തട്ടിക്കൊണ്ടുപോയവരെ ഉടന്‍ കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്.
അടുത്തിടെ കെഎസ്‌ആര്‍ടിസിയുടെ തിരുവനന്തപുരം മംഗലാപുരം മള്‍ട്ടി ആക്സില്‍ സ്കാനിയ എ.സി സര്‍വ്വീസില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തിലും, ബോണ്ട് സര്‍വ്വീസിലെ ട്രാവല്‍ കാര്‍ഡ് വിതരണത്തില്‍ തിരമറി കാട്ടിയ സംഭവത്തിലും ഉള്‍പ്പെടെ 5 ജീവനക്കാരെ സസ്പെന്റ് ചെയ്തതായി കെഎസ്‌ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചിരുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും ജനുവരി 31-ന് വൈകിട്ട് ആറ് മണിക്കുള്ള മംഗലാപുരം മള്‍ട്ടി ആക്സില്‍ സ്കാനിയ എ.സി. സര്‍വ്വീസില്‍ പോസ്റ്റ് ചെയ്തിരുന്നത് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ കെ.റ്റി ശ്രീരാജ്, വി.എം. ബിജീഷ് എന്നിവരെയായിരുന്നു. എന്നാല്‍ കണ്ടക്ടര്‍ ചുമതല ഉണ്ടായിരുന്ന വി. എം.ബിജീഷ് ഈ ഡിപ്പോയിലെ തന്നെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയിരുന്ന എം. സന്ദീപിനെ മേലധികാരകളുടെ അറിവോ സമ്മതമോ കൂടാതെ കെ.റ്റി. ശ്രീരാജുമായി ചേര്‍ന്ന് കണ്ടക്ടര്‍ ചുമതല വഹിച്ച് കോര്‍പ്പറേഷനെ കബളിപ്പിച്ച് സര്‍വ്വീസ് നടത്തിയ സംഭവത്തിലാണ് മൂവരേയും സസ്പെന്റ് ചെയ്തത്. ആള്‍മാറാട്ടം നടത്തി സര്‍വ്വീസ് നടത്തിയ ഇവരെ കൊല്ലം വിജിലന്‍സ് വിഭാഗം ഇന്‍സ്പെക്ടര്‍മാര്‍ ബസ് പരിശോധന നടത്തിയപ്പോഴാണ് വേബില്ലിലും , ലോഗ് ഷീറ്റിലും രേഖപ്പെടുത്തിയ പേരുകളും ഡ്യൂട്ടി ചെയ്ത ജീവനക്കാരുടെ ഐഡി കാര്‍ഡിലും വ്യത്യാസം തോന്നിയതിനെ തുടര്‍ന്ന് നടപടിയെടുത്തത്.