Thursday, 23rd January 2025
January 23, 2025

വിതുരയിലെ പി.ടി.ഉഷ സ്റ്റേഡിയം കാടും ചെളിയും കയറി നശിക്കുന്നത്

  • November 6, 2019 4:00 pm

  • 0

അനാസ്ഥമൂലം നശിക്കുന്നത് ഗവ. വി.എച്ച്.എസ്., യു.പി. സ്കൂളുകളുടെ സമീപത്തുള്ള പി.ടി.ഉഷ സ്റ്റേഡിയമാണ്. പ്രതിഭാധനരായ ഒത്തിരി കായികതാരങ്ങളുടെ പരിശീലനകേന്ദ്രമാണ് ഇപ്പോൾ കാടും ചെളിയും കയറി നശിക്കുന്നത്.സ്റ്റേഡിയം യാഥാർഥ്യമായത് വിതുര, തൊളിക്കോട് പഞ്ചായത്തുകൾക്കായി ഒരു കളിസ്ഥലം എന്ന നീണ്ടനാളത്തെ ആവശ്യത്തിനൊടുവിലാണ്.

മുഖ്യമന്ത്രി കെ.കരുണാകരൻ 1986 ഗാന്ധിജയന്തിദിനത്തിൽ തറക്കല്ലിട്ടു. ഒരു വർഷം കഴിഞ്ഞ് 1987 നവംബർ 30-ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. സാന്നിധ്യമായി കായികതാരം പി.ടി.ഉഷയും. സ്റ്റേഡിയത്തിലൂടെ അവർ അന്ന് രണ്ട് റൗണ്ട് ഓടുകയും ചെയ്തു. തുടർന്ന് കളിക്കളത്തിന് പി.ടി.ഉഷ സ്റ്റേഡിയം എന്നു പേരും നൽകി.

ക്രിക്കറ്റും ഫുട്ബോളുമായി ധാരാളം യുവജനങ്ങളുമെത്തി. പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർഥികളുടെ കായികപരിശീലനം പതിവു കാഴ്ചയായി. കലാ സാംസ്കാരിക പരിപാടികൾക്കും സ്റ്റേഡിയം സാക്ഷിയായി. വിശാലമായ ഗാലറിയായിരുന്നു പ്രധാന സവിശേഷത. എന്നാൽ, ക്രമേണ സ്റ്റേഡിയം അവഗണയുടെ ട്രാക്കിലായി. കായികപരിശീനത്തിനു പകരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ മാത്രമായി.

മഴക്കാലത്ത് വെള്ളക്കെട്ടും ചെളിയും നിറഞ്ഞു. മൈതാനം കാടുപിടിച്ചു. ഗാലറിയിലെ കോൺക്രീറ്റ് ഇരിപ്പിടങ്ങൾ തകർന്നു. ഇന്ന് ആരും തിരിഞ്ഞുനോക്കാത്തനിലയിൽ നശിക്കുകയാണ് ലോകമറിയുന്ന കായികതാരത്തിന്റെ പേരിലുള്ള ഈ സ്റ്റേഡിയം. നവീകരിക്കുമെന്ന് അധികൃതർ പലതവണ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. ഒരു നാടിന്റെ കായികസംസ്കാരത്തിന്റെ അടയാളമാകേണ്ട കളിസ്ഥലം സംരക്ഷിക്കപ്പെടണമെന്നാണ് കായികപ്രേമികളുടെ ആവശ്യം.