Thursday, 23rd January 2025
January 23, 2025

ഇനി മുതൽ സർക്കാർ നേരിട്ട് നടത്തും ശബരിമല വികസനം

  • November 6, 2019 3:00 pm

  • 0

സർക്കാർ നേരിട്ട് ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം നടത്തും. ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശബരിമല വികസനകാര്യങ്ങൾക്ക് അനുമതി വേണമെന്ന വ്യവസ്ഥ മറികടക്കാനാണ് ഈ നീക്കം.

സർക്കാർ ഉത്തരവിന്റെ സാരാംശം ഉന്നതാധികാരസമിതിയുടെ അനുമതി തേടാതെ ജോലികൾ നേരിട്ടുനടത്താമെന്നാണ് . സർക്കാർ ഫണ്ട് വിനിയോഗിക്കാൻ പ്രത്യേക ഉദ്ദേശ്യകമ്പനി (എസ്.പി.വി.) ഉണ്ടാക്കാനുള്ള തീരുമാനം കോടതിയുടെ പരിഗണനിയിലിരിക്കെയാണ് നടപടി. നിയമപ്രശ്നങ്ങൾ ഉയർത്തിയേക്കാനിടയുണ്ട് ഉത്തരവ്.

ഉന്നതാധികാരസമിതിയുടെ മേൽനോട്ടത്തിലേ ഇപ്പോൾ വികസനപ്രവർത്തനം നടത്താനാവൂ. പുറത്തുനിന്ന് പണം കണ്ടെത്തി വികസനം നടത്തണമെന്ന ഉദ്ദശ്യത്തോടെ രൂപവത്കരിച്ച സമിതിക്ക് ഈ ലക്ഷ്യം അത്രകണ്ട് നിറേവേറ്റാനായില്ല. ഇതോടെ സർക്കാർ നൽകുന്ന പണം ഉപയോഗിച്ചുള്ള വികസനമേ നടക്കുന്നുള്ളൂ.

സർക്കാർ നൽകുന്ന പണം വിനിയോഗിക്കുന്നതിനുപോലും സമിതിയുടെ അനുമതി തേടണമെന്നതും കടുത്ത വ്യവസ്ഥകൾ ഏർപ്പെടുന്നതിലുമുള്ള അതൃപ്തിയാണ് പുതിയ ഉത്തരവിന് പിന്നിൽ. എന്നാൽ ഹൈക്കോടതിയുടെ നിർദേശം സർക്കാർ ഉത്തരവിലൂടെ മറികടക്കാനാകുമോയെന്നതാണ് നിയമപ്രശ്‌നം.

ശബരിമലയ്ക്ക് സർക്കാർ നൽകുന്ന പണം എസ്.പി.വി. വഴി വിനിയോഗിക്കാനുള്ള തീരുമാനത്തിനെതിരേ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. തന്ത്രിയുടെയും വാസ്തുവിദഗ്ധരുടെയും നിർദേശംകൂടി ഉൾപ്പെടുത്തി ശബരിമല മാസ്റ്റർപ്ലാനിൽ മാറ്റം വരുത്തുന്നതിനുള്ള അനുമതിക്ക് ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പ്ലാനിലെ പലതും ശാസ്ത്രവിധിപ്രകാരമല്ലെന്നു ബോർഡ് പറയുന്നു.