ക്വാറന്റൈനില്‍ സംശയം വേണ്ട; ഏഴ് ദിവസം നിര്‍ബന്ധം
February 4, 2021 4:22 pm
0
തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നവര്‍ ക്വാറന്റൈനില്‍ ഇരിക്കണോ? മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് അവിടെ ക്വാറന്റൈനുണ്ടോ? അങ്ങനെ വിവിധ സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതറിയാവുന്ന പലരുമാകട്ടെ ഇതൊന്നും പാലിക്കാറുമില്ല.
കേരളത്തിന് പുറത്തുനിന്ന് എത്തുന്ന എല്ലാവരും കൃത്യം ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇതില്‍ യാതൊരു ഇളവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല. ക്വാറന്റൈന്‍ പൂര്‍ത്തിയായ ശേഷം എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണം. പോസിറ്റീവായാല്‍ ആരോഗ്യകേന്ദ്രങ്ങളിലോ വീട്ടിലോ കഴിയാം. ആശാ വര്‍ക്കറോ അടുത്തുള്ള സാമൂഹ്യാരോഗ്യ കേന്ദ്രം വഴിയോ വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ചികിത്സയെത്തും.
രാജ്യത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്കും ഇതേ ക്വാറന്റൈന്‍ നിയമമാണ് ഉള്ളത്. എന്നാല്‍ നിലവില്‍ ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് 14 ദിവസത്തെ ക്വാറന്റൈനാണുള്ളത്. അതിവേഗ വ്യാപന സാധ്യതയുള്ളതും ജനിതക മാറ്റം സംഭവിച്ചതുമായ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനാലാണിത്. അതേസമയം ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് പുറത്തുനിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമല്ല.
കോവിഡ് അതിതീവ്രമായി ബാധിക്കാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ശക്തമാണ്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലും ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പുറത്തുനിന്നെത്തുന്നവര്‍ക്ക് രോഗനിയന്ത്രണത്തിന്റെ ഭാഗമായി ക്വാറന്റൈന്‍ ഉണ്ട്.